മലപ്പുറം : എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. മലപ്പുറം പൊന്നാനി ആമയൂർ സ്വദേശി ഷാഫി(40) വെടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. അടുത്ത സുഹൃത്ത് കൂടിയായ സജീവ് മുഹമ്മദ് ആണ് ഷാഫിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഓഗസ്റ്റ് 27നായിരുന്നു ഷാഫി വെടിയേറ്റ് കൊല്ലപ്പെടുന്നത്.
പക്ഷികളെ വെടിവയ്ക്കാൻ ഉപയോഗിക്കുന്ന എയർ ഗണ്ണിൽ നിന്നുമായിരുന്നു ഷാഫിക്ക് വെടിയേറ്റിരുന്നത്. എയർഗൺ അബദ്ധത്തിൽ പൊട്ടുകയായിരുന്നു എന്നാണ് ഈ സംഭവത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന നിഗമനം. എയർഗണ്ണിൽ നിന്നും ക്ലോസ്-റേഞ്ചിലുള്ള വെടിയേറ്റതാണ് മരണത്തിന് കാരണമായത്. പ്രാവിനെ വെടിവയ്ക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു എന്നാണ് സജീവ് മുഹമ്മദ് ആദ്യം മൊഴി നൽകിയിരുന്നത്.
ക്ലോസ് റേഞ്ചിൽ നിന്നുള്ള വെടിയേറ്റാണ് മരണം എന്ന് വെളിപ്പെട്ടതോടുകൂടി ഷാഫിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സജീവ് മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ അബദ്ധത്തിൽ വെടി പൊട്ടി എന്ന് തന്നെയായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. പിന്നീട് വിശദമായ അന്വേഷണത്തിൽ ഷാഫിയെ മനപ്പൂർവ്വം കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. പ്രാവിനെ വെടിവയ്ക്കുന്നതിനിടെ സജീവ് മുഹമ്മദിന് ഉന്നമില്ല എന്ന് പറഞ്ഞ് ഷാഫി കളിയാക്കിയതാണ് കൊലപാതകത്തിന് കാരണമായത്.
Discussion about this post