കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇയാളുടെ രണ്ട് മക്കളിൽ 9 വയസുകാരന്റെ ആരോഗ്യനിലയാണ് അതീവ ഗുരുതരമായി തുടരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഈ കുട്ടി ആശുപത്രിയിൽ കഴിയുന്നത്. നാല് വയസ്സുള്ള കുഞ്ഞിന്റെ നിലയും ഗുരുതരമായി തന്നെ തുടരുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം മരിച്ചവരുടെ പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചെങ്കിലും പൂനെ വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷം മാത്രമെ മരണകാരണം നിപയാണെന്ന് ഉറപ്പിക്കുകയുള്ളു. സാമ്പിളുകൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ അന്തിമഫലം ലഭിക്കുമെന്നാണ് വിവരം. ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടുവെന്ന് സംശയിക്കുന്നവരുടെ പട്ടിക തയ്യാറാക്കി തുടങ്ങി.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വച്ച് ഓഗസ്റ്റ് 30നാണ് ആദ്യത്തെ രോഗി മരിക്കുന്നത്. രണ്ടാമത്തെ രോഗി കോഴിക്കോട് മിംസിൽ വച്ചാണ് മരിക്കുന്നത്. നിലവിൽ കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ പെട്ട മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉന്നതതല യോഗം ചേരും. ഡിഎംഒയാണ് അടിയന്തിര യോഗം വിളിച്ചത്.
Discussion about this post