റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനെ കാണാനായി റഷ്യയിലെ തുറമുഖ നഗരമായ വ്ലാഡിവോസ്‌റ്റോക്കിലേക്കുള്ള ട്രെയിൻ യാത്രയിലാണ് ഇപ്പോൾ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മറ്റു ലോക നേതാക്കളെ അപേക്ഷിച്ച് ഉത്തരകൊറിയൻ ഭരണാധികാരിയുടെ യാത്രകൾ വളരെ വ്യത്യസ്തവും കൗതുകകരവുമാണ്. വളരെ പരിമിതമായ ചില സ്ഥലങ്ങൾ മാത്രമേ ഉത്തരകൊറിയൻ ഭരണാധികാരികൾ സന്ദർശിക്കാറുള്ളൂ എങ്കിലും ആ യാത്രകൾ തികച്ചും അതിശയകരമാണ്. വിമാനയാത്ര ഭയമായിരുന്നതുകൊണ്ട് ട്രെയിനിൽ മാത്രം ദൂരയാത്രകൾ ചെയ്തിരുന്ന മുൻ ഭരണാധികാരി കിം ജോങ് ഇൽ, യാത്രകൾക്ക് ഏറ്റവും മികച്ച ആഡംബര വാഹനങ്ങളും സൗകര്യങ്ങളും മാത്രം ഉപയോഗിക്കുന്ന ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉൻ എന്നിങ്ങനെ വൈവിധ്യപൂർണ്ണമാണ് ഉത്തരകൊറിയൻ ഭരണാധികാരികളുടെ യാത്രാ വിശേഷങ്ങൾ.
കിം ജോങ് ഉൻ ഇപ്പോൾ യാത്ര നടത്തുന്ന ട്രെയിൻ കനത്ത സുരക്ഷയുള്ളതും അത്യാഡംബര സൗകര്യങ്ങളോടുകൂടിയതുമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉത്തര കൊറിയയുടെ സ്ഥാപകൻ കിം ഇൽ സുങ്ങിനെ പ്രതീകവൽക്കരിക്കുന്ന സൂര്യന്റെ കൊറിയൻ പദമായ ടേയാങ്കോ എന്നാണ് ഈ ആഡംബര ട്രെയിനിന് പേരിട്ടിരിക്കുന്നത്. ദിവസങ്ങൾ എടുക്കുന്ന യാത്രയായതിനാൽ ഒരു ആഡംബര ഹോട്ടലിനേക്കാൾ മികച്ച എല്ലാ സൗകര്യങ്ങളും കിം ജോങ് ഉന്നിനായി ഈ ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. കിടപ്പുമുറികൾ, കോൺഫറൻസ് ഹാളുകൾ, സാറ്റലൈറ്റ് ഫോണുകൾ, ഏറ്റവും മികച്ച ഭക്ഷണം ഒരുക്കുന്ന റസ്റ്റോറന്റ് എന്നിങ്ങനെ അതിശയിപ്പിക്കുന്ന സൗകര്യങ്ങളാണ് ഈ ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. മികച്ച ഫ്രഞ്ച് വൈനുകളും ഫ്രഷ് കൊഞ്ചുകളടക്കമുള്ള വിഭവങ്ങളും നൽകുന്ന റെസ്റ്റോറന്റ് ആണ് റഷ്യൻ യാത്രയിൽ ഉത്തരകൊറിയൻ ഭരണാധികാരിക്കായി ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം തന്നെ അതീവ സുരക്ഷ ഒരുക്കാനായി കനത്ത കവചിത സംരക്ഷണമുള്ള ബുള്ളറ്റ് പ്രൂഫ് ട്രെയിൻ കൂടിയാണിത്. എന്നാൽ ഏകദേശം 50km/h സ്പീഡ് മാത്രമാണ് ഈ ട്രെയിനിനുള്ളത്. ഉത്തരകൊറിയയിലെ അവികസിതമായ പുരാതന റെയിൽ പാതയിലൂടെയാണ് ഈ ട്രെയിൻ യാത്ര ചെയ്യുന്നത് എന്നുള്ളതാണ് ഇതിന് കാരണമായി പറയപ്പെടുന്നത്.
അയൽ രാജ്യങ്ങളിലേക്ക് ട്രെയിൻ വഴി യാത്ര ചെയ്യുന്നതിന്റെ പാരമ്പര്യം ഉത്തരകൊറിയയിൽ ആരംഭിക്കുന്നത് കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ – കിം ഇൽ സുങ്ങാണ്. വിയറ്റ്നാം, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് അദ്ദേഹം ഇത്തരത്തിൽ പ്രത്യേകതകൾ ഉള്ള ട്രെയിൻ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ഈ ട്രെയിൻ കടന്നു പോകുന്ന റെയിൽപാതകളിൽ നേരത്തെ തന്നെ വിദഗ്ധസംഘം സുരക്ഷാ പരിശോധനകൾ നടത്തുന്നതാണ്. കിം ജോങ് ഉന്നിന്റെ പിതാവും 1994 മുതൽ 2011ൽ മരിക്കുന്നതുവരെ ഉത്തരകൊറിയയുടെ ഭരണാധികാരിയും ആയിരുന്ന കിം ജോങ് ഇൽ വിമാനയാത്രകളോട് ഭയമുള്ള വ്യക്തിയായിരുന്നു. അതിനാൽ തന്നെ വിദേശയാത്രകൾക്ക് അദ്ദേഹം പിതാവിനെ പോലെ ട്രെയിൻ മാർഗ്ഗം തിരഞ്ഞെടുത്തു.
2001ൽ കിം ജോങ് ഇൽ ട്രെയിനിൽ മോസ്‌കോയിലെത്തി പുടിനുമായി ഒരു കൂടിക്കാഴ്ച നടത്താൻ 10 ദിവസമെടുത്തതായാണ് ചരിത്രം. അന്നത്തെ യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ച റഷ്യൻ സൈനിക കമാൻഡർ കോൺസ്റ്റാന്റിൻ പുലിക്കോവ്സ്കിയുടെ ഓർമ്മക്കുറിപ്പായ ഓറിയന്റ് എക്സ്പ്രസിൽ ആ യാത്രയിൽ അനുഭവിച്ച ആഡംബരസൗകര്യങ്ങളെ കുറിച്ച് വ്യക്തമാക്കുന്നുണ്ട്. റഷ്യൻ പ്രസിഡന്റ് പുടിന്റെ സ്വകാര്യ ട്രെയിനിനെക്കാൾ ആഡംബരപൂർണ്ണമായിരുന്നു ഉത്തരകൊറിയൻ നേതാവിന്റെ ആ ട്രെയിൻ എന്നാണ് പുലിക്കോവ്സ്കി പറയുന്നത്. റഷ്യൻ, ചൈനീസ്, കൊറിയൻ, ജാപ്പനീസ്, ഫ്രഞ്ച് വിഭവങ്ങളുടെ സമൃദ്ധിയും റഷ്യയിൽ നിന്നുള്ള ഏറ്റവും മികച്ച വൈനുകളും കൊഞ്ച്, കഴുത മാംസം, കല്ലുമ്മേക്കായകൾ എന്നിങ്ങനെയുള്ള വൈവിധ്യമാറുന്ന ഭക്ഷണങ്ങളും ഉൾപ്പെടുന്നതായിരുന്നു ആ ട്രെയിൻ യാത്രയെന്ന് പുലിക്കോവ്സ്കി അനുസ്മരിക്കുന്നു. 2011 ൽ ഒരു ട്രെയിൻ യാത്രയ്ക്കിടയിൽ ഹൃദയാഘാതം മൂലമാണ് കിം ജോങ് ഇൽ അന്തരിക്കുന്നതും.
സ്വിറ്റ്സർലാൻഡിലെ ബോർഡിംഗ് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്നിന് വിമാനമായാലും ട്രെയിൻ ആയാലും കാർ ആയാലും ആഡംബര പൂർണ്ണമാവണം എന്ന് മാത്രമേ ഉള്ളൂ. പലപ്പോഴും ദീർഘദൂര യാത്രകൾക്കായി റഷ്യൻ നിർമ്മിത സ്വകാര്യ ജെറ്റാണ് കിം ജോങ് ഉൻ ഉപയോഗിക്കാറുള്ളത്. 2018ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കാണാനായി ചൈനീസ് നഗരമായ ഡാലിയനിലേക്ക് കിം ജോങ് ഉൻ യാത്ര നടത്തിയത് ഇല്യൂഷിൻ -62 എന്ന സോവിയറ്റ് നിർമ്മിത ദീർഘദൂര വിമാനത്തിലായിരുന്നു. ഉക്രേനിയൻ അന്റോനോവ്-148 എന്ന മറ്റൊരു വിമാനവും കിം ജോങ് ഉൻ യാത്രകൾക്കായി ഉപയോഗിക്കാറുണ്ട്. ഉത്തരകൊറിയയിലെ യാത്രകൾക്കായി അദ്ദേഹം സ്വകാര്യ വാഹനമായ മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് ആണ് ഉപയോഗിക്കുന്നത്. 1.8 മില്യൺ ഡോളർ വില വരുന്ന വാഹനമാണിത്. ആഡംബര വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നത് ഉത്തരകൊറിയയിൽ നിരോധിച്ചിട്ടുള്ളതാണെങ്കിലും 7 മില്യൺ ഡോളർ വിലയുള്ള ഒരു ആഡംബര നൗക കിം ജോങ് ഉന്നിന് ഉള്ളതായി ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിൽ ഒരു ഹെലിപാഡ് ഉള്ളതായും ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ഉത്തരകൊറിയ പുറത്തു വിട്ടിട്ടില്ലാത്തതിനാൽ കിം ജോങ് ഉന്നിന്റെ പല യാത്രകളും ഇപ്പോഴും ദുരൂഹമായി തന്നെ തുടരുകയാണ്.
Discussion about this post