കോഴിക്കോട് നാല് പേർക്ക് നിപ വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനം കൂടുതൽ ജാഗ്രതയിലാണ്. വന്നാൽ മരണസാധ്യത വർദ്ധിപ്പിക്കുന്ന നിപ വരാതെ നോക്കാനാണ് ശ്രമിക്കേണ്ടത്. സമ്പർക്കത്തിലൂടെ പടരുന്ന രോഗമായത് കൊണ്ട് തന്നെ, ഓരോ വ്യക്തികളുടെയും മുൻകരുതൽ പ്രധാനമാണ്.
രോഗാണു നമ്മുടെ ശരീരത്തിൽ പ്രവേശിക്കാതിരിക്കാൻ വ്യക്തിശുചിത്വം പാലിക്കണം. കൈകൾ എപ്പോഴും സോപ്പിട്ട് കഴുകണം. പുറത്ത് പോയി വരുമ്പോൾ വസ്ത്രങ്ങൾ കഴുകുകയോ, കഴുകാനായി മാറ്റി വെയ്ക്കുകയോ ചെയ്യണം. ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈ സോപ്പിട്ട് കഴുകുക. കഴുകാത്ത കൈകൊണ്ട് വായ്, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക. ഒരാൾ കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണത്തിൽ നിന്ന് പങ്കുപറ്റുന്നത് ഒഴിവാക്കണം.
വവ്വാലിലൂടെ പടരുന്ന രോഗമായതിനാൽ തന്നെ പഴങ്ങളും പച്ചക്കറികളുമെല്ലാം രോഗസാധ്യത വരുത്തുമോയെന്ന് ഭയം ഉണ്ടാകും. അതിനാൽ മറ്റു ജീവികൾ കടിച്ചതായി തോന്നുന്നതോ, അവയുടെ ഉമിനീർ പറ്റിയെന്ന് തോന്നുന്നതോ ആയ പഴങ്ങൾ ഒഴിവാക്കണം. റോഡിലും മറ്റും വീണുകിടക്കുന്ന പഴങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പച്ചക്കറികളും പഴങ്ങളും തൊലി കളഞ്ഞ് മാത്രം ഉപയോഗിക്കുക. പഴങ്ങളും മറ്റും കഴുകുന്ന വെള്ളത്തിൽ വിനാഗിരിയോ അപ്പക്കാരമോ ചേർക്കാം. കൂടുതലും വേവിച്ച പച്ചക്കറികൾ കഴിക്കാൻ ശ്രമിക്കുക.
വളർത്തുമൃഗങ്ങൾ വഴി വൈറസ് പടരാനുളള സാധ്യതയും ഏറെയാണ്. നായ, പശു, പന്നി, കുതിര എന്നീ ജീവികളിൽ വൈറസ് വസിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇവയെ തൊട്ടാൽ സോപ്പിട്ട് കൈ കഴുകണം.
പനിയോ അസ്വസ്ഥതകളോ ഉളളവർ മറ്റുള്ളവരുമായി സംസാരിക്കുന്നതിൽ നിയന്ത്രണം വേണം. മൊബൈൽ ഫോൺ കൈമാറുമ്പോൾ പോലും ശ്രദ്ധ വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
Discussion about this post