കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിൽ കഴിയുന്നവർക്കും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ചികിത്സയിൽ കഴിയുന്ന ഒൻപത് കാരനും, മരിച്ച ആലഞ്ചേരി സ്വദേശിയുടെ ഭാര്യാ സഹോദരനുമാണ് നിപ സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്ന മറ്റ് രണ്ട് പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ഓഗസ്റ്റ് 30 ന് മരിച്ച വ്യക്തി നിപ പോസിറ്റീവ് ആയിരുന്നു. ഒൻപത് വയസ്സുള്ള കുഞ്ഞിനും 24 കാരനുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരിച്ച വ്യക്തിയുടെ നാല് വസ്സുള്ള മകൾ നെഗറ്റീവ് ആണ്. സഹോദരന്റെ 10 മാസം പ്രായമുള്ള കുഞ്ഞും നെഗറ്റീവ് ആണ്. കോഴിക്കോട് മെഡിക്കൽ കോളേജിന്റെ ലാബിൽ നടത്തിയ പരിശോധനയിലും നിപ ബാധിച്ചവരുടെ ഫലം പോസിറ്റീവ് ആയിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
സമ്പർക്ക പട്ടിക തയ്യാറായിട്ടുണ്ട്. ഇവരെ തരംതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി ആരംഭിച്ചു. സമ്പർക്കത്തിൽ വന്ന എല്ലാവരെയും കണ്ടെത്തും. ആരും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. നിലവിൽ രോഗവ്യാപനത്തിന് രണ്ട് കേന്ദ്രമാണ് ഉള്ളത്. വിദഗ്ധ സമിതി ഉടൻ യോഗം ചേരും. ഇതിന് ശേഷം ബാക്കിയുള്ള കാര്യങ്ങൾ ബന്ധപ്പെട്ട വൃത്തങ്ങൾ പുറത്തുവിടും. ആവശ്യമെങ്കിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കും. കഴിഞ്ഞ ദിവസം മരിച്ചയാൾക്കും രോഗബാധ സ്ഥിരീകരിച്ചുവെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
Discussion about this post