കോഴിക്കോട്: നിപ വ്യാപനത്തിന്റെ ആശങ്കകൾ നിലനിൽക്കുന്നതിനിടെ ആശ്വാസമായി മൂന്ന് പേരുടെ പരിശോധനാ ഫലങ്ങൾ. കോഴിക്കോട് മെഡിക്കൽ കോളേജിലെ വിആർഡിഎൽ ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയവരുടെ ഫലങ്ങൾ നെഗറ്റീവ് ആയത്. രോഗമില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതിനാൽ സാമ്പിളുകൾ പൂനെയിലേക്ക് അയക്കില്ലെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മൂന്ന് പേരും കടുത്ത പനിയും മറ്റ് രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയത്. നിപയുടെ ലക്ഷണങ്ങളായതിനാലും സംസ്ഥാനത്ത് കേസുകൾ റിപ്പോർട്ട് ചെയ്തതിനാലും ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നു. നിപ സ്ഥിരീകരിച്ചവരുടെ സാമ്പിളുകളും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധിച്ചിരുന്നു. ഇവിടുത്തെ ഫലം പോസിറ്റീവ് ആയ സാഹചര്യത്തിലായിരുന്നു വീണ്ടും വിശദമായ പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചത്.
അതേസമയം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ജാഗ്രതയിലാണ്. മൂന്ന് കേന്ദ്ര സംഘങ്ങൾ ഇന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോഴിക്കോട് എത്തും. പൂനെ വൈറോളജി ഇന്സ്റ്റിട്യൂറ്റിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംഅറിൽ നിന്നുള്ള സംഘവും കോഴിക്കോട് എത്തും. പകർച്ചവ്യാധി പ്രതിരോധ വിദഗ്ദ്ധരടങ്ങുന്നതാണ് കോഴിക്കോട് എത്തുന്ന മൂന്നാമത്തെ സംഘം.
Discussion about this post