കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിൽ ഗണപതിയെ ആക്ഷേപിച്ച് ലഭിച്ച കമന്റിൽ മാസ് മറുപടി നൽകി നടൻ ഉണ്ണി മുകുന്ദൻ. മാളികപ്പുറം സിനിമയുടെ സമയത്ത് കഥാപാത്രത്തിനായി ഒരുക്കിയ തന്റെ ശരീരത്തിന്റെയും ഇപ്പോഴത്തെ ശരീരത്തിന്റെയും വ്യത്യാസം വ്യക്തമാക്കി ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ കമന്റുമായി വന്ന യുവാവിനാണ് മറുപടി നൽകിയത്.
ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് എന്ന പുതിയ ചിത്രത്തിന്റെ വരവ് കഴിഞ്ഞ ദിവസം ഒറ്റപ്പാലത്ത്
ഗണേശോത്സവത്തിൽ താരം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കമന്റ്. ഇതിന് 11 മാസമെടുത്തുവെന്ന് വിശ്വസിക്കാനാകുന്നില്ല. ഉടച്ചുവാർക്കൽ ഇനിയും തുടരുമെന്ന കുറിപ്പോടെയാണ് രണ്ട് ചിത്രങ്ങളും ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്. പുതിയ ചിത്രത്തിൽ പഴയ മസിൽമാൻ ഉണ്ണി മുകുന്ദനെയാണ് കാണുക. ഇതിന്റെ പേരിലാണ് ഗണപതിക്ക് സിക്‌സ് പായ്ക്ക് ഇല്ല ഉണ്ണിമോനെ എന്ന കമന്റ് വന്നത്.
ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകുമെന്ന് ആയിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി. നിനക്ക് താങ്ങാത്ത തമാശ പറയാൻ എന്നെ പ്രേരിപ്പിക്കരുത്. സത്യസന്ധമായി പറയാൻ എനിക്ക് മടിയില്ല. പക്ഷെ എല്ലാവരുടെയും മതങ്ങളോടും മതവികാരത്തെയും മാനിക്കുന്നതുകൊണ്ട് ഞാൻ അതിൽ നിന്നെല്ലാം മാറി നിൽക്കുകയാണെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു. നടന് പിന്തുണയുമായി കമന്റിന് ലൈക്ക് ചെയ്യുന്നത് നിരവധി പേരാണ്.
ട്രോൾ ആകാം പക്ഷെ അതിൽ സെൻസ് വേണമെന്ന് പലരും കമന്റിട്ട ആളെ ഓർമ്മിപ്പിച്ചു. ഒരു യഥാർത്ഥ ഇസ്ലാം വിശ്വാസി മറ്റ് മതസ്ഥരെ പരിഹസിക്കാൻ പാടില്ലെന്നും എന്തിനാ വെറുതെ വടി കൊടുത്ത് അടി വാങ്ങുന്നതെന്നും ഉപദേശിച്ചവരും ഉണ്ട്.
Discussion about this post