കണ്ണൂർ: അന്തരിച്ച മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദന്റെ ഭൗതികദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചയ്ക്ക് പേരാവൂർ മണത്തണ കുടുംബ പൊതു ശ്മശാനത്തിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ മുതൽ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.
ഇന്നലെ രാത്രിയോടെയായിരുന്നു അദ്ദേഹത്തിന്റെ ഭൗതികദേഹം കണ്ണൂരിലെത്തിച്ചത്. തുടർന്ന് രാത്രി എട്ട് മുതൽ ഭൗതികദേഹം തലശ്ശേരിയിൽ പൊതുദർശനത്തിന് വച്ചു. ഇവിടുത്തെ പൊതുദർശനം പൂർത്തിയായ ശേഷം കണ്ണൂരിലെ ബിജെപി ഓഫീസിൽ പൊതുദർശനത്തിന് വച്ചു. ഇതിന് ശേഷമാണ് വസതിയിലേക്ക് കൊണ്ടുപോയത്. എളമക്കരയിലെ ആർഎസ്എസ് ആസ്ഥാനം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ പൊതുദർശനം പൂർത്തിയായ ശേഷമായിരുന്നു ഭൗതിക ദേഹം കണ്ണൂരിൽ എത്തിച്ചത്. ജന്മനാട്ടിലേക്കുള്ള അവസാനയാത്രയിൽ ആയിരങ്ങളാണ് പിപി മുകുന്ദന് ആദരാഞ്ജലികൾ അർപ്പിച്ചത്.
ഇന്നലെ രാവിലെ 8.10 നായിരുന്നു അദ്ദേഹം അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കേരള രാഷ്ട്രീയത്തിലെ അതികായനായ അദ്ദേഹം കേരളത്തിൽ ബിജെപിയുടെ ഉന്നമനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് കാഴ്ചവച്ചത്.
Discussion about this post