തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ പലപ്പോഴും ഊറ്റം കൊള്ളുന്ന സാമൂഹ്യ സുരക്ഷ പെൻഷൻ പദ്ധതിയിൽ വലിയ പാളിച്ചകളാണ് ഉണ്ടായിരിക്കുന്നതെന്ന് സിഎജി റിപ്പോർട്ട്. മാസംതോറും പെൻഷൻ വിതരണം നടത്താത്തതിനാൽ സാമൂഹ്യ സുരക്ഷ പെൻഷൻ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യം തന്നെ പാളിപ്പോയി. അർഹതപ്പെട്ട പലർക്കും പെൻഷൻ ലഭിച്ചിട്ടില്ല. അർഹതയില്ലാത്ത ചിലർക്ക് ഒന്നിലധികം പെൻഷൻ ലഭിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ നിരവധി വീഴ്ചകളും പാളിച്ചകളും ആണ് സിഎജി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.
സാമൂഹ്യ സുരക്ഷ പെൻഷൻ പദ്ധതിയിൽ അപേക്ഷകൾ സ്വീകരിക്കുന്നത് മുതൽ നേരിട്ട് പെൻഷൻ നൽകുന്നതുവരെ നിരവധി വീഴ്ചകൾ സംസ്ഥാന സർക്കാരിന് ഉണ്ടായിട്ടുണ്ടെന്നാണ് സിഎജി വിശദീകരിക്കുന്നത്. അർഹതയില്ലാത്ത 9201 സർക്കാർ ജീവനക്കാർ ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട് എന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. സർവീസ് പെൻഷൻ കൂടി ലഭിക്കുന്നവരാണ് ഇവർ. 39.27 കോടി രൂപയാണ് ഇത്തരം അർഹതയില്ലാത്ത ആളുകൾ പെൻഷൻ വാങ്ങുന്നത് വഴി സർക്കാരിന് നഷ്ടം വന്നിട്ടുള്ളത്.
മുൻപ് അർഹതയില്ലെന്ന് കണ്ടെത്തി നിരസിച്ച 500 ഓളം അപേക്ഷകൾ വീണ്ടും സ്വീകരിച്ച് പെൻഷൻ നൽകുന്നുണ്ട്. 19.69 ശതമാനം സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്നവരും അനർഹരാണെന്ന് സിഎജി റിപ്പോർട്ട് പറയുന്നു. 3090 വ്യക്തികൾക്ക് ഒന്നിലധികം പെൻഷൻ ലഭിക്കുന്നുണ്ട്. വരുമാനം കൂടുതലുള്ള നിരവധി വ്യക്തികളും സാമൂഹ്യ സുരക്ഷ പെൻഷൻ വാങ്ങുന്നവരിൽ ഉൾപ്പെടുന്നുണ്ട്. ഇത്തരത്തിൽ പെൻഷൻ പദ്ധതിയിൽ നിരവധി വീഴ്ചകളാണ് സംസ്ഥാന സർക്കാരിന് പറ്റിയിട്ടുള്ളതെന്നാണ് സിഎജി റിപ്പോർട്ട് പറയുന്നത്.
Discussion about this post