കോഴിക്കോട്: കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കി കർണാടകയും തമിഴ്‌നാടും. ചെക്‌പോസ്റ്റുകളിൽ നിരീക്ഷണ യൂണിറ്റുകൾ സ്ഥാപിക്കും. അതിർത്തി ചെക്‌പോസ്റ്റുകളിൽ സർവയ്ലൻസ് യൂണിറ്റുകൾ സ്ഥാപിക്കാൻ കർണാടക സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മൃഗഡോക്ടർ അടക്കമുള്ളവർ ഈ സംഘത്തിലുണ്ടാകും
കോഴിക്കോട് ജില്ലയിലേക്ക് അത്യാവശ്യമെങ്കിൽ മാത്രം യാത്ര ചെയ്താൽ മതിയെന്നും സംസ്ഥാനത്തെ ചാമരാജ നഗര, മൈസൂർ, കുടക്, ദക്ഷിണ കന്നഡ എന്നീ മേഖലകളിൽ പനി നിരീക്ഷണം ശക്തമാക്കണമെന്നും കർണാടക സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. നിപയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്താനുള്ള പരിപാടികൾ ആസൂത്രണം ചെയ്യും. നിപ ലക്ഷണങ്ങൾ തിരിച്ചറിയാനും ഐസൊലേഷനിൽ ആക്കാനും പിഎച്ച്‌സി തലത്തിൽ വരെ പരിശീലനം നൽകാനും തീരുമാനമായി.
നിപ എന്ന് സംശയിക്കുന്ന കേസ് വന്നാൽ ഉടൻ ജില്ലാ മെഡിക്കൽ അധികൃതരെ വിവരമറിയിക്കണം. എല്ലാ ജില്ലാ ആശുപത്രികളിലും ഐസൊലേഷൻ സൗകര്യത്തോടെ 2 കിടക്കകൾ, ഒരു ഐസിയു സൗകര്യം എന്നിവ തയ്യാറാക്കി വയ്ക്കാനും പിപിഇ കിറ്റുകൾ, ഓക്‌സിജൻ വിതരണം എന്നിവ അടക്കം വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും കർണാടക സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Discussion about this post