തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ ആദര സൂചകമായി വേദിയിൽ എഴുന്നേറ്റ് നിന്ന് നടൻ ഭീമൻ രഘു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തോട് അനുബന്ധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു ഭീമൻ രഘു എഴുന്നേറ്റ് നിന്നത്. തനിക്ക് മുഖ്യമന്ത്രിയോട് വലിയ ബഹുമാനമാണെന്നും, അച്ഛനെ ഓർമ്മ വന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയായിരുന്നു. ഇതിനോട് അനുബന്ധിച്ച് നടത്തിയ പ്രസംഗമാണ് ഭീമൻ രഘു എഴുന്നേറ്റ് നിന്ന് കേട്ടത്. പ്രസംഗിക്കാൻ മുഖ്യമന്ത്രി വേദിയിലേക്ക് കയറിയതും വേദിയിൽ ഇരുന്ന നടനും എഴുന്നേറ്റ് നിന്നു. 15 മിനിറ്റോളം മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടു നിന്നും. ഈ നേരമത്രയും ഭീമൻ രഘുവും എഴുന്നേറ്റ് കൈകെട്ടി നിന്നു. പ്രസംഗം അവസാനിച്ച ശേഷമായിരുന്നു ഭീമൻ രഘു ഇരുന്നത്.
മുഖ്യമന്ത്രിയെ ഒരുപാട് ബഹുമാനിക്കുന്ന ആളാണ് താനെന്നായിരുന്നു എഴുന്നേറ്റ് നിന്നതിനെക്കുറിച്ച് ആരാഞ്ഞ മാദ്ധ്യമങ്ങളോട് ഭീമൻ രഘു പറഞ്ഞത്. അദ്ദേഹത്തിന്റെ ഏത് പരിപാടിയ്ക്ക് പോയാലും അത് ഫ്രണ്ട് സീറ്റിലാണെങ്കിലും ബാക്ക് സീറ്റിലാണെങ്കിലും എഴുന്നേറ്റ് നിൽക്കും. നല്ലൊരു അച്ഛനും, നല്ലൊരു മുഖ്യമന്ത്രിയും, നല്ലൊരു കുടുംബനാഥനുമൊക്കെയാണ് അദ്ദേഹം. പെട്ടെന്ന് തനിക്ക് അച്ഛനെയും ജീവിച്ചു വന്ന കാലവും ഓർമ്മ വന്നു. വ്യക്തിപരമായി മുഖ്യമന്ത്രിയെ ഒരുപാട് ഇഷ്ടമാണെന്നും ഭീമൻ രഘു പ്രതികരിച്ചു.
അതേസമയം ഭീമൻ രഘു വേദിയിൽ എഴുന്നേറ്റ് നിൽക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിരവധി പേർ അദ്ദേഹത്തെ ട്രോളിയും രംഗത്ത് എത്തി. ഭീമൻ രഘു എന്നല്ല വിനയ പ്രസാദ് എന്നായിരുന്നു പേര് വേണ്ടിയിരുന്നത് എന്നാണ് ഒരു പ്രതികരണം. കമ്മി അടിമകൾ ഇരിക്കാറില്ലെന്നും, ഇംപോസിഷൻ എഴുതാതെ വന്നതിന് സാർ എഴുന്നേൽപ്പിച്ച് നിർത്തിയിരിക്കുകയാണെന്നുമുള്ള കമന്റുകളും ഉയരുന്നുണ്ട്. സ്വന്തം കഴിവിൽ വിശ്വാസമില്ലാത്തവർ അതി വിധേയത്വം കാണിക്കുമെന്നും ആളുകൾ പറയുന്നു.
Discussion about this post