യുകെ പ്രധാനമന്ത്രിയാകാൻ ഋഷി സുനക്കിനെ ഭാര്യാപിതാവായ ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തി സഹായിച്ചതായി മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശ്വസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. ദി ടെലിഗ്രാഫിന്റെ പൊളിറ്റിക്കൽ എഡിറ്ററായ ബെൻ റിലേ-സ്മിത്ത് രചിച്ച ‘ദി റൈറ്റ് ടു റൂൾ’ എന്ന പുതിയ പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ശതകോടീശ്വരനായ നാരായണമൂർത്തിയുടെ സഹായം കൊണ്ടാണ് ഋഷി സുനക്ക് അധികാരത്തിൽ എത്തിയത് എന്ന് രൂക്ഷമായാണ് ബോറിസ് ജോൺസൺ പ്രതികരിച്ചതെന്ന് ബെൻ റിലേ-സ്മിത്ത് പറയുന്നു.
2021-ൽ ലണ്ടനിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച പാർട്ടിഗേറ്റ് അഴിമതി ആരോപണത്തെ തുടർന്നായിരുന്നു ബോറിസ് ജോൺസണിന് പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്. പിന്നീട് പ്രധാനമന്ത്രിയായ ലിസ് ട്രസ് അധികാരമേറ്റ് അധികം വൈകാതെ തന്നെ രാജിവച്ചതിനെത്തുടർന്നാണ് ഋഷി സുനക്ക് പ്രധാനമന്ത്രിയാകുന്നത്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ട്രഷറി ചീഫ് സെക്രട്ടറി, ചാൻസലർ സ്ഥാനങ്ങൾ വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഋഷി സുനക്ക്.
ബോറിസ് ജോൺസൺ രാഷ്ട്രീയ ഗൂഢാലോചനകളിൽ വിശ്വസിക്കുന്ന ആളായിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. ബോറിസിന്റെ മുഖ്യ ഉപദേഷ്ടാവ് ആയിരുന്ന ബ്രിട്ടീഷ് രാഷ്ട്രീയ തന്ത്രജ്ഞൻ ഡൊമിനിക് കമ്മിംഗ്സ് കൂറ് മാറി ഋഷി സുനക്കിനായി പ്രവർത്തിച്ചിരുന്നുവെന്നും ബോറിസ് ജോൺസൺ വിശ്വസിച്ചിരുന്നതായി ബെൻ റിലേ-സ്മിത്ത് വെളിപ്പെടുത്തുന്നു.
Discussion about this post