പോത്തൻകോട്; മദ്യപിച്ച് സ്ഥലകാലബോധമില്ലാതെ നിന്ന വിവിധഭാഷാ തൊഴിലാളികളെ ബസിൽ കയറ്റിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം. വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാറിനാണ് (51) പരിക്കേറ്റത്. സംഭവത്തിൽ പശ്ചിമബംഗാൾ കൂച്ച് ബഹർപഷിം രാംപൂർ സ്വദേശി ഹൈദർഅലി ( 31) ആസാം ഹൊജായ് ലുംമിഡിങ് സ്വദേശി സമീർ സൗമിക് (22) എന്നിവരെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. അക്രമികളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിനു കൈമാറുകയായിരുന്നു.
ഇന്നലെ വൈകിട്ട് 3.40 ന് പോത്തൻകോട് കെഎസ്ആർടിസി ബസ് ടെർമിനലിന് ഉള്ളിലായിരുന്നു സംഭവം. പോത്തൻകോടിനടുത്ത് പ്ലാമൂട് വച്ച് മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ റോഡിന്റെ മധ്യഭാഗത്ത് നിന്നുകൊണ്ട് ബസിന് കൈ കാണിച്ചു. ഡ്രൈവർ ബസ് നിർത്താൻ തുടങ്ങിയപ്പോൾ ബസിൽ ശക്തമായി അടിച്ച് ബഹളം ഉണ്ടാക്കി.
ഇതോടെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. പിന്നാലെ മറ്റൊരു ബസിൽ കയറി ബസ് ടെർമിനലിൽ എത്തിയ സംഘം ഡ്രൈവർ ശശികുമാറിനെ ക്രൂരമായി മർദിക്കുകയായിരുന്നു. കണ്ടക്ടർ ഉൾപ്പെടെ തടയാനെത്തിയെങ്കിലും ലഹരിയിൽ ഇവർ മർദനം തുടർന്നു. സംഭവം അറിഞ്ഞ് നാട്ടുകാരെത്തിയാണ് പ്രതികളിൽ നിന്നും ഡ്രൈവറെ രക്ഷിച്ചത്.
Discussion about this post