കോഴിക്കോട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വൈറസ് ബാധിത പ്രദേശങ്ങളിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ വിദഗ്ധസംഘം ഇന്ന് മുതൽ പഠനം ആരംഭിക്കും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസസിൽ നിന്നും, കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഡോക്ടർമാരും, കേന്ദ്ര സംഘത്തോടൊപ്പം ചേരും.
കഴിഞ്ഞ ദിവസം ചങ്ങരോത്ത് പഞ്ചായത്തിൽ ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡത്തിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചിരുന്നു. അതേസമയം ജില്ലയിൽ ഇന്ന് മുതൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. നിലവിൽ 23ാം തിയതി വരെയാണ് ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. അവധി കാരണം വിദ്യാർത്ഥികളുടെ ക്ലാസുകൾ നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏർപ്പെടുത്തിയതെന്ന് ജില്ലാ കളക്ടർ എ.ഗീത പറഞ്ഞു.
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ ക്ലാസുകൾ മാത്രമാണ് അനുവദിക്കുന്നത്. വിദ്യാർത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താൻ പാടില്ല. അങ്കണവാടികൾ, മദ്രസകൾ എന്നിവയുൾപ്പെടെയുള്ള സ്ഥാപനങ്ങളിലും വിദ്യാർത്ഥികൾ എത്തേണ്ടതില്ലെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.
Discussion about this post