കൊല്ലം; പോലീസ് പിന്തുടർന്നപ്പോൾ ബൈക്കിൽ അമിതവേഗതയിൽപോയ യുവാവ് അപകടത്തിൽപ്പെട്ട് മരിച്ചു. കടയ്ക്കൽ കുമ്പളം ചരുവിള പുത്തൻവീട്ടിൽ സുബിൻ ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മാർക്കറ്റ് ജംക്ഷൻ ഗോവിന്ദമംഗലം റോഡിലാണ് സംഭവം. സുബിനും സുഹൃത്ത് ബിജുവും ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ഇവരുടെ കൈവശം മദ്യമുണ്ടെന്ന് കരുതിയാണ് പോലീസ് പിന്തുടർന്നതെന്നാണ് വിവരം.
പൊലീസ് പിന്തുടരുന്നതു കണ്ടു സുബിൻ അമിത വേഗത്തിൽ സഞ്ചരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ബിജുവിനെ റോഡിൽ ഇറക്കിയ ശേഷം സുബിൻ ബൈക്ക് ഓടിച്ചു പോയി. ബിജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആനപ്പാറയിൽ മുക്കുന്നം ഭാഗത്തു നിന്നു വന്ന ടിപ്പറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ സുബിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ മരിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിലേക്കു മൃതദേഹം കൊണ്ടുവരുന്നതു സിപിഎം പ്രവർത്തകർ തടഞ്ഞു.
അതേസമയം സുബിനെ പിന്തുടർന്നുവെന്ന ആരോപണം കടയ്ക്കൽ പോലീസ് നിഷേധിച്ചു. പതിവ് നിരീക്ഷണത്തിന് പോയതാണെന്നും സുബിനെ പിന്തുടർന്നില്ലെന്നും പോലീസ് പറഞ്ഞു.
Discussion about this post