കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നിപ പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ നെഗറ്റീവ്. 61 സാമ്പിളുകളുടെ ഫലമാണ് നെഗറ്റീവ് ആയതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞു.നിപ ബാധിച്ച് മരിച്ച ഹാരിസുമായി അടുത്ത് ഇടപഴകിയ വ്യക്തിയുടെ പരിശോധനാഫലവും ഇക്കൂട്ടത്തിൽ ഉണ്ട്. ഏറ്റവും ഒടുവിൽ നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യപ്രവർത്തകയുടെ ഫലവും നെഗറ്റീവ് ആണെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു.
ഹൈറിസ്‌ക് വിഭാഗത്തിൽ പെട്ട 61 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയത് ആശ്വാസവാർത്തയാണെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. കോഴിക്കോടിന് പുറമെ മറ്റ് ജില്ലകലിൽ നിന്നുള്ളവരുടെ ഭൂരിപക്ഷം സാംപിളുകളും നെഗറ്റീവ് ആണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസംഘം ഇന്ന് കോഴിക്കോട് ഉണ്ട്. വിഷയവുമായി കേന്ദ്രസംഘവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി.
ആശുപത്രിയിലും ഫീൽഡിലും ഉൾപ്പെടെ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കേന്ദ്രസംഘം നേരിട്ട് കണ്ട് മനസിലാക്കി. അതിന്റെ അടിസ്ഥാനത്തിൽ നല്ല രീതിയിലുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും വീണ ജോർജ് വ്യക്തമാക്കി. അതേസമയം നിപ ബാധിതനായ ഒൻപത് വയസ്സുകാരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിന് പിന്നാലെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു.
Discussion about this post