എറണാകുളം: നെടുമ്പാശ്ശേരിയിൽ ബേക്കറി ഉടമയെ ആക്രമിച്ച സംഭവത്തിൽ എസ്‌ഐയെ സസ്‌പെൻഡ് ചെയ്യും. മദ്യലഹരിയിലാണ് എസ്‌ഐ ആക്രമണം നടത്തിയത് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ്‌ഐ സുനിലാണ് കുടുംബത്തെ ആക്രമിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു സുനിൽ കരിയാടുള്ള കോഴിപ്പാട് വീട്ടിൽ കുഞ്ഞുമോന്റെ ബേക്കറിയിൽ കയറി ആക്രമണം നടത്തിയത്. രാത്രി കടയടയ്ക്കുകയായിരുന്നു കുഞ്ഞുമോൻ. ഇതിനിടെ പോലീസ് വാഹനത്തിൽ അവിടേയ്ക്ക് എത്തിയ സുനിൽ കടയ്ക്കുള്ളിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. സംഭവം തടയാൻ എത്തിയ കുഞ്ഞുമോനെയും കുടുംബത്തെയും സുനിൽ ചൂരൽ വടികൊണ്ട് അടിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ എസ്‌ഐയെ തടഞ്ഞുവച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
സംഭവ സമയം സുനിൽ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ വ്യക്തമായിരുന്നു. ഇതേ തുടർന്നായിരുന്നു സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. സംഭവത്തിൽ കുഞ്ഞുമോന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post