പത്തനംതിട്ട: ശബരമല ദർശനം നടത്താൻ ഭാഗ്യമുണ്ടായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫാ. ഡോ മനോജ്. ശബരിമല ദർശനത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഈശ്വരനെ മനസും ശരീരവും കൊണ്ട് അനുഭവിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും മനോജ് വ്യക്തമാക്കി.
തത്വമസി എന്ന വാക്ക് സന്നിധാനത്ത് നിന്ന് പറയുമ്പോൾ ഒരുപാട് അർദ്ധങ്ങളാണുള്ളത്. അകത്തിരിക്കുന്ന അയ്യപ്പ സ്വാമിയെ മനസും ശരീരവും കൊണ്ട് അനുഭവിച്ച് അറിയാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. സന്നിധാനത്ത് എത്തിയപ്പോൾ വലിയ ആത്മനിർവൃതിയും സമാധാനവും ആണ് ഉണ്ടായത്. അത് പറഞ്ഞറിയിക്കാൻ കഴിയില്ല. ഇവിടെയെത്താനെടുത്ത തീരുമാനത്തിൽ ദൈവികത കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ഫാ. മനോജ് ശബരിമലയിൽ ദർശനം നടത്തിയത്. സന്നിധാനത്ത് എത്തിയ അദ്ദേഹത്തെ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി ഹരിഹരനും പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഏറെ നേരാണ് അദ്ദേഹം അയ്യനെ തൊഴുതത്. അയ്യപ്പ സ്വാമിയ്ക്ക് അദ്ദേഹം നെയ്യഭിഷേകം വഴിപാടായി നടത്തി. മാളികപ്പുറത്ത് തേങ്ങ ഉരുട്ടി. അരി നിവേദിച്ചു.
ഇതിന് ശേഷം സന്നിധാനം മേൽശാന്തിയുടെ മുറിയിൽ എത്തി. ഇവിടെയിരുന്ന് അദ്ദേഹം അയ്യപ്പന്റെ ഐതിഹ്യങ്ങളും പൂജാകാര്യങ്ങളും ചർച്ച ചെയ്തു. ഇതിന് ശേഷം മേൽശാന്തിമാരിൽ നിന്നും പ്രസാദം വാങ്ങി മടങ്ങുകയായിരുന്നു.
തിരുവനന്തപുരം തിരുമല ക്ഷേത്രത്തിൽ നിന്നും കെട്ട് നിറച്ചായിരുന്നു യാത്ര. യാത്രാ മദ്ധ്യേ ശിവഗിരി, പന്തളം, എരുമേലി എന്നിവിടങ്ങളിൽ ദർശനം നടത്തുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു.
Discussion about this post