തിരുവനന്തപുരം: കേരളം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സംസ്ഥാനമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. കടം വാങ്ങി കേരളം വികസിക്കുമെന്നും ആ വികസനത്തിലൂടെ ബാധ്യതകൾ തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്ഭവന് മുന്നിൽ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണെന്നും ബിജെപിക്കൊപ്പം ചേർന്ന് യുഡിഫ് കേരളത്തിന്റെ വികസനത്തിന് എതിര് നിൽക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തെ പൊന്നുപോലെ കാത്ത് സൂക്ഷിക്കുന്ന ഗവൺമെന്റാണ് ഇന്ന് കേരളത്തിലുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏഴര വർഷമായി കേരളത്തിൽ യുഡിഫ് ഒരു വികസന പ്രവർത്തനത്തിനും സഹകരിക്കുന്നില്ലെന്ന് ഇപി ജയരാജൻ വിമർശിച്ചു. സർക്കാരിന്റെ വികസന പരിപാടികളിൽ യുഡിഎഫ് പങ്കെടുക്കുന്നില്ല. നാടിന്റെ വികസനത്തിൽ യു.ഡി.എഫിന് ഒരു പങ്കുമില്ലെന്ന് വിമർശിച്ച ജയരാജൻ, ഒട്ടനവധി അഭ്യാസങ്ങൾ കാണിച്ച് ഒരു വിഷമങ്ങളും ജനങ്ങളെ അറിയിക്കാതിരിക്കാൻ ത്യാഗപൂർണമായ പ്രവർത്തനമാണ് സർക്കാർ കാഴ്ചവയ്ക്കുന്നതെന്ന് പറഞ്ഞു. കടംവാങ്ങി കേരളം വികസിക്കുമെന്നും ആ വികസനത്തിലൂടെ ബാധ്യതകൾ തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭ പാസാക്കിയ ബില്ലുകൾ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിക്കുന്നില്ല. ഇതിന് പിന്നിൽ കേന്ദ്ര നീക്കം. ബില്ലുകൾ തടഞ്ഞുവെക്കുന്നത് എന്തിനെന്നും ഇ.പി ജയരാജൻ ചോദിച്ചു. പത്രസമ്മേളനം നടത്താൻ എജിക്ക് എന്ത് അവകാശമാണുള്ളതെന്ന് ചോദിച്ച ഇ.പി അതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും കുറ്റപ്പെടുത്തി. കുടിശ്ശിക പിരിച്ചെടുക്കുന്നില്ല എന്ന് പ്രചരിപ്പിച്ച എജി രാഷ്ട്രീയം കളിക്കുകയാണെന്നും ഇ.പി ജയരാജൻ ആരോപിച്ചു.
എൽഡിഎഫ് സർക്കാർ കെ റെയിൽ കൊണ്ട് വന്നപ്പോഴാണ് കേന്ദ്ര സർക്കാർ വന്ദേ ഭാരത് ട്രെയിൻ കൊണ്ടുവന്നത്. എൽഡിഎഫ് കെ റെയിൽ മുന്നോട്ട് വച്ചില്ലെങ്കിൽ വന്ദേ ഭാരത് വരുമായിരുന്നോയെന്ന് ഇപി ജയരാജൻ കൂട്ടിച്ചേർത്തു.
Discussion about this post