വിസ്തര എയർലൈൻസിൽ ക്യാബിൻ ക്രൂ മെമ്പറായി ജോലിയിൽ പ്രവേശിച്ച് നടി കൃതിക പ്രദീപ്. വിസ്തരയുടെ യൂണിഫോമും ടാഗും അണിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കൃതിക തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. പത്തിലധികം സിനിമകളി അഭിനയിച്ച ഈ താരം സൈക്കോളജി ബിരുദധാരിയുമാണ്.
2014 ൽ ബാല നടിയായി ‘വില്ലാളിവീരൻ’ എന്ന സിനിമയിൽ വെള്ളിത്തിരയിൽ എത്തിയ കൃതിക 2018 ൽ ‘മോഹൻലാൽ’ എന്ന ചിത്രത്തിൽ മഞ്ജു വാരിയരുടെ കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു. ആദി, കൂദാശ, പത്താം വളവ് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങൾ. ഗായിക കൂടിയായ കൃതിക മോഡലിങ് രംഗത്തും സജീവമാണ്.
പഠനത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത താരം സൈക്കോളജി പഠനം പൂർത്തിയാക്കിയതിനു ശേഷം ക്യാബിൻ ക്രൂ ആകാനുള്ള പരിശീലനത്തിലായിരുന്നു. അങ്ങനെ തന്റെ സ്വപ്ന ജോലി കരസ്ഥമാക്കിയ അവർ ‘‘ഔദ്യോഗികമായി വിസ്തര ക്യാബിൻ ക്രൂ ആയിരിക്കുന്നു” എന്ന തലക്കെട്ടോടെയാണ് മറ്റു ക്രൂ മെമ്പേഴ്സിനൊപ്പമുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ചത്. ജോലിയോടൊപ്പം അഭിനയവും തുടരുമോ എന്ന് താരം വ്യക്തമാക്കിയിട്ടില്ല.
എംടി വാസുദേവൻ നായരുടെ കഥകളെ അടിസ്ഥാനമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൃതികയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രോജക്ട്.
Discussion about this post