പാലക്കാട് : ഒരേ പ്രദേശത്തെ അഞ്ചു വീടുകളിൽ മോഷണം നടത്തുകയും ഒരു യുവതിയുടെ മാല പൊട്ടിക്കുകയും ചെയ്ത് നാടിന്റെ സമാധാനം കളഞ്ഞ കള്ളൻ ഒടുവിൽ പിടിയിൽ. പാലക്കാട് തൃത്താലയിലാണ് സംഭവം. കണ്ണൂർ ഇരിക്കൂർ സ്വദേശി ഇസ്മയിൽ ആണ് അറസ്റ്റിലായത്.
മുൻപും പല കേസുകളിലും പ്രതിയായിട്ടുള്ള ഇയാൾ പതിവ് ഒപ്പിടലിനായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൃത്താലയിലെ വീടുകളിൽ ഇയാൾ മോഷണം നടത്തിയിരുന്നു. പ്രദേശത്തെ ഒരു യുവതിയുടെ മാല പൊട്ടിക്കുകയും ചെയ്തു. ഈ മോഷണങ്ങൾക്കിടയിൽ താൻ സിസിടിവിയിൽ കുടുങ്ങിയത് പ്രതി അറിഞ്ഞിരുന്നില്ല.
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്ന തൃത്താല പോലീസ് മറ്റു സ്റ്റേഷനുകളിലും വിവരമറിയിച്ചിരുന്നു. കൊല്ലത്തുനിന്നാണ് ഇസ്മായിൽ പിടിയിലാവുന്നത്. പതിവ് ഒപ്പിടലിനായി കൊല്ലത്തെ സ്റ്റേഷനിൽ എത്തിയതായിരുന്നു ഇയാൾ. സിസിടിവി ദൃശ്യങ്ങളിൽ കണ്ട പ്രതിയാണെന്ന് മനസ്സിലാക്കിയ പോലീസ് ഇയാളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Discussion about this post