തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷസ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന വ്യാജവാർത്തകളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപിയുടെ സ്ഥാനമേറ്റെടുക്കലിനെ സംബന്ധിച്ച് മലയാളം ചാനലുകളിൽ വരുന്നത് കള്ളക്കഥയാണെന്നും അരദിവസത്തെ ആയുസ് പോലും ഇല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ നടനെ മനപ്പൂർവ്വം ഒതുക്കിയതാണെന്ന് ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ സുരേഷ് ഗോപി തൃശൂരിൽ നിന്ന് തന്നെ മത്സരിക്കുമെന്ന സൂചനയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ കെ സുരേന്ദ്രൻ നൽകിയിരിക്കുന്നത്.
പാലക്കാരനായ ഒരു കോൺഗ്രസുകാരനാണ് വ്യാജപ്രചരണത്തിന് തുടക്കമിടുന്നതെന്നും കോൺഗ്രസ് ഏജന്റായ ഒരു റിപ്പോർട്ടറാണ് ഇത് ബ്രേക്ക് ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
തൃശ്ശൂരിൽ പ്രതാപന്റെ വിജയം ഉറപ്പുവരുത്താൻ ഈ സംഘം ഏതറ്റംവരെയും പോകുമെന്ന് അറിയാത്തവരല്ല ഞങ്ങൾ. ഇനിയും ഇത്തരം വാർത്തകൾ വന്നുകൊണ്ടേയിരിക്കും . അരദിവസത്തെ ആയുസ്സുപോലും ഇല്ലാത്ത കള്ളക്കഥകൾ. സുരേഷ് ഗോപിയെ വടക്കുന്നാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞു. ആരുവിചാരിച്ചാലും ഇനി അത് തടയാനാവില്ലെന്ന് അദ്ദേഹം കുറിച്ചു.
കൊൽക്കത്ത ആസ്ഥാനമായുള്ള സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായും ഭരണസമിതി ചെയർമാനായും കഴിഞ്ഞദിവസമാണ് സുരേഷ് ഗോപിയെ കേന്ദ്രസർക്കാർ നാമനിർദേശം ചെയ്തത്. കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ എക്സിലൂടെയായിരുന്നു ഇക്കാര്യം പുറത്തുവിട്ടത്.
Discussion about this post