തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വാധീനിക്കാൻ ശ്രമിച്ച സർക്കാർ അഭിഭാഷകനെ പുറത്താക്കി. നെയ്യാറ്റിൻകര പോക്‌സോ കോടതിയിലെ അഭിഭാഷകനായ അജിത് തങ്കയ്യനെയാണ് പുറത്താക്കിയത്. ആഭ്യന്തര വകുപ്പിന്റേതാണ് നടപടി.
അജിതിന്റെ സമ്മർദ്ദം ശക്തമായതോടെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് മൂന്ന് തവണ മൊഴി നൽകാൻ വന്നിട്ടും പ്രോസിക്യൂട്ടർ കോടതിയിൽ കയറ്റിയില്ല. ഇതിന് പുറമേ കോടതിയിൽ മൊഴിമാറ്റാൻ നിർബന്ധിക്കുകയും ചെയ്തു. ഇതോടെയാണ് പെൺകുട്ടി പരാതി നൽകിയത്. മൊഴിമാറ്റാൻ ആവശ്യപ്പെട്ട് പ്രാസിക്യൂട്ടർ ഒരു കവറിൽ പണമിട്ട് അഭിഭാഷകന് നൽകിയെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. എന്നാൽ ഇത് സ്വീകരിച്ചില്ലെന്നും പെൺകുട്ടി പറയുന്നു.
പരാതിയിൽ തിരുവനന്തപുരം സപെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് അന്വേഷണം നടത്തിയിരുന്നു. ഇതിൽ പരാതി സത്യമാണെന്ന് വ്യക്തമായതോടെയായിരുന്നു നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെ അജിതിനെ പിടിച്ചുവിടാൻ സർക്കാരിന് ശുപാർശ നൽകുകയായിരുന്നു. ഇതിന് മൂന്ന് മാസത്തിന് ശേഷമാണ് തീരുമാനം നടപ്പിലാക്കുന്നത്. അജിത് തങ്കയ്യനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന ശുപാർശ നൽകിയെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.
Discussion about this post