കോഴിക്കോട്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിലേത് ഒഴികെയുള്ള സ്‌കൂളുകൾ ഇന്ന് തുറക്കും. നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞ ഒരാഴ്ചയായി വിദ്യാർത്ഥികൾക്ക് ഓൺലൈനായാണ് ക്ലാസുകൾ നടത്തി വന്നിരുന്നത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് തുടരും. ജില്ലയിലെ ഇന്നലെ പരിശോധിച്ച സാംപിളുകളും നെഗറ്റീവ് ആയിരുന്നു. നിലവിൽ ഹൈറിസ്‌ക് കാറ്റഗറിയിൽ ആരുമില്ലെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്.
അതേസമയം നിപ നിപ പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്‌കൂളിന്റെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസർ ഒരുക്കണം. കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. പനി, തലവേദന, തൊണ്ട വേദന മുതലായ രോഗലക്ഷണങ്ങൾ ഉള്ളവരെ ഒരു കാരണവശാലും സ്‌കൂളിലേക്ക് അയക്കരുത്. ഭക്ഷണപദാർത്ഥങ്ങൾ പങ്കുവയ്ക്കരുത്, ശുചിത്വം പാലിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.
Discussion about this post