തിരുവനന്തപുരം: സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പിആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തതിൽ പ്രതിരോധം തീർത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കോർപ്പറേറ്റുകൾക്ക് അനുകൂലമായ സാമ്പത്തിക നയങ്ങളാണ് കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്നത്. അതിന് ബദലുയർത്തുന്നവിധം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണ പ്രസ്ഥാനത്തെ ദുർബലപ്പെടുത്തുകയെന്നത് കേന്ദ്ര സർക്കാരിന്റെ നയമാണ്. അതിന്റെ ഭാഗമായാണ് സഹകരണ പ്രസ്ഥാനത്തേയും, അതിനെ വളർത്തി മുന്നോട്ടുകൊണ്ടുപോകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തേയും തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടലെന്നും സിപിഎം പ്രസ്താവനയിൽ ആരോപിച്ചു.
ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ള അരവിന്ദാക്ഷനെ ഭീഷണിപ്പെടുത്തിയും, മർദ്ദിച്ചും കള്ളമൊഴി രേഖപ്പെടുത്തുവാനുള്ള ശ്രമം ഇഡിയുടെ ഭാഗത്ത് നിന്നുണ്ടായി. അത് തുറന്നുകാട്ടിയ അരവിന്ദാക്ഷനെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അവരുടെ പരാതി പൊലീസിന്റെ മുമ്പിൽ നിൽക്കുകയാണ്. ഈ ഘട്ടത്തിലാണ് അറസ്റ്റുണ്ടായത് എന്നത് ഇതിന്റെ പിന്നിലുള്ള താൽപര്യം വ്യക്തമാക്കുന്നതാണെന്ന് പാർട്ടി ആരോപിച്ചു.
സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിനാണ് പാർടിയും, സംസ്ഥാന സർക്കാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ സഹകരണ പ്രസ്ഥാനത്തേയും, അതിനെ ശക്തിപ്പെടുത്താൻ നിലകൊള്ളുന്ന ഇടതുപക്ഷത്തേയും ദുർബലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായും, നിയമപരമായും നേരിട്ട് മുന്നോട്ടുപോകും. നാടിന്റെ ജനാധിപത്യ അന്തരീക്ഷത്തേയും, സഹകരണ പ്രസ്ഥാനത്തേയും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുവൻ ജനങ്ങളുടേയും പിന്തുണയുണ്ടാകണമെന്ന് സിപിഎം അഭ്യർത്ഥിച്ചു.
Discussion about this post