തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം ഗവർണർ -സർക്കാർ പോര് ശക്തമാകുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെക്കുന്ന ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഇതിനായി മുതിർന്ന അഭിഭാഷകൻ കെകെ വേണുവിന്റെ സേവനം തേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഫാലി എസ് നരിമാന്റെ അഭിപ്രായം നേരത്തെ സർക്കാർ തേടിയിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമുണ്ടോയെന്നാണ് ഹർജിയിലൂടെ ഉന്നയിക്കുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഗവർണർ ഒപ്പിടേണ്ട 8 ബില്ലുകൾ ഒപ്പ് കാത്ത് കിടക്കുന്നുണ്ട്. മൂന്ന് ബില്ലുകൾ 1 വർഷം 10 മാസവും കടന്നു. മറ്റ് മൂന്നെണ്ണം ഒരു വർഷത്തിലേറെയായെന്ന് അദ്ദേഹം പറഞ്ഞു.
കരുവന്നൂരിലെ സംഭവങ്ങളെ സർക്കാർ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റ് ചെയ്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേതാക്കൾക്ക് ബെനാമികളുടെ ആവശ്യമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, പാർട്ടി നേതാക്കളെ ലക്ഷ്യമിട്ടുള്ള നീക്കം നടക്കില്ലെന്നും കൂട്ടിച്ചേർത്തു. വലിയ പാത്രത്തിലെ ചോറിൽ കറുത്ത വറ്റ് ഉണ്ടെങ്കിൽ അത് എടുത്ത് കളയുകയാണ് ചെയ്യാറുള്ളത്. അല്ലാതെ പാത്രം മൊത്തം കളയുക അല്ലല്ലോ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു
Discussion about this post