മകളുടെ വേർപാട് തീർത്ത വേദനയിലും തന്റെ പുതിയ സിനിമയുടെ പ്രമോഷനെത്തി നടൻ വിജയ് ആന്റണി. ‘രത്തം’ എന്ന തന്റെ ഏറ്റവും പുതിയ സിനിമയ്ക്കു വേണ്ടിയാണ് അദ്ദേഹം എത്തിയത്. ചിത്രത്തിന്റെ പ്രസ്സ് മീറ്റിനും അഭിമുഖങ്ങൾക്കുമായി എത്തിയപ്പോൾ തന്റെ രണ്ടാമത്തെ മകളും വിജയ് ആന്റണിക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ശേഷം നല്‍കിയ അഭിമുഖങ്ങളില്‍ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് കൂടുതൽ സംസാരിക്കാൻ അദ്ദേഹം തയാറായില്ല. എങ്ങനെയാണ് ഇത്രയും പോസിറ്റീവ് ആയിരിക്കാനും, സംസാരിക്കാനും കഴിയുന്നതെന്ന് അഭിമുഖത്തില്‍ വിജയ് ആന്റണിയോട് മാധ്യമ പ്രവർത്തകർ ചോദിക്കുകയുണ്ടായി.
ഒന്നും പ്ലാന്‍ ചെയ്ത് സംഭവിക്കുന്നതല്ല, ജീവിതത്തില്‍ അത്രയും തീവ്രമായ അനുഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായി സംഭവിച്ചു പോകുന്നതാണത് . എല്ലാത്തിനെയും നേരിട്ടല്ലേ പറ്റൂ. കഴിഞ്ഞതൊന്നും ഞാന്‍ മറക്കാറില്ല. അത് എന്റെ ചിന്തകളെയും മനസ്സിനെയും കൂടുതല്‍ ശക്തമാക്കും. അതുകൊണ്ടാകാം ഇങ്ങനെ ആകുന്നത് എന്നാണ് വിജയ് ആന്റണിയുടെ മറുപടി. പത്ത് ദിവസം മുന്‍പാണ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര ആത്മഹത്യ ചെയ്തത്.
പ്ലസ്ടുവിന് പഠിക്കുന്ന മകളുടെ ആത്മഹത്യ വിജയ് ആന്റണിയുടെ കുടുംബത്തിനും തമിഴ് സിനിമ മേഖലയിലും വലിയ ആഘാതമാണുണ്ടാക്കിയത്. മാനസികമായ സംഘര്‍ഷങ്ങളെ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തത്, എന്നാൽ തന്റെ സ്വകാര്യ നഷ്ടങ്ങളുടെ പേരിൽ ഒരുപാട് പേരുടെ അധ്വാനമായ സിനിമയ്ക്ക് കിട്ടേണ്ട പ്രാധാന്യം കിട്ടാതെ പോകരുതെന്ന മനോഭാവമാകാം പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാമെന്ന തീരുമാനത്തിലേക്ക് വിജയ് ആന്റണിയെ എത്തിച്ചതെന്നാണ് പ്രേക്ഷകർ പറയുന്നത്. അതിനാൽത്തന്നെ അപ്രതീക്ഷിതമായ ഈ നടപടിയിൽ നടനെ പ്രശംസിച്ച് ആരാധകരും സഹപ്രവർത്തകരുമെത്തി.
ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെ അഭിമുഖീകരിച്ചിട്ടും , ഇത്രയും പോസിറ്റീവായി സംസാരിക്കുന്ന താങ്കള്‍ ശരിക്കുമൊരു പ്രചോദനമാണെന്ന് ആരാധകർ പറയുന്നു. ‘‘ പ്രഫഷണലിസത്തിന്റെ ഏറ്റവും മികച്ച ഉദാഹരണം- സിനിമ മേഖലയ്ക്കാകെ മാതൃക” എന്നായിരുന്നു പ്രമോഷന്റെ ഏതാനും ചിത്രങ്ങള്‍ എക്‌സ്സിൽ പങ്കുവച്ച് നിര്‍മാതാവ് ധനഞ്ജയന്‍ അഭിപ്രായപ്പെട്ടത്.
Discussion about this post