കരുവന്നൂർ: സഹകരണ ബാങ്കുകളിലെ സിപിഎം കൊളളയ്‌ക്കെതിരെ ഉയരുന്ന ജനരോഷത്തിന്റെ നേർക്കാഴ്ചയായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി നയിച്ച സഹകാരി സംരക്ഷണ പദയാത്ര. കരുവന്നൂരിൽ നിന്നും തൃശൂർ കോർപ്പറേഷൻ ഓഫീസിന് മുൻവശം വരെ പതിനാറ് കിലോമീറ്ററിലധികം സുരേഷ് ഗോപി കാൽനടയായി ജാഥ നയിച്ചു. സിപിഎം വഞ്ചനയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് പിന്തുണയുമായി സ്ത്രീകൾ അടക്കമുളള ആയിരങ്ങൾ അണിനിരന്നു.
വഴിയിലുടനീളം ആളുകളുടെ സ്‌നേഹം ഏറ്റുവാങ്ങിയായിരുന്നു സുരേഷ് ഗോപിയുടെ യാത്ര. ഇടയ്ക്ക് പെയ്ത മഴയും അവഗണിച്ച് യാത്ര തുടർന്നു. കാണാനും പിന്തുണ അറിയിക്കാനും എത്തിയവരെ കൈവീശി അഭിവാദ്യം ചെയ്തു. ചിലരെ സ്‌നേഹത്തോടെ ചേർത്തുനിർത്തി. അഞ്ചര മണിക്കൂറിലധികമെടുത്ത് രാത്രി 8.45 ഓടെയാണ് പദയാത്ര തൃശൂരിന്റെ ഹൃദയത്തിലെ സമാപന വേദിയിലെത്തിയത്. രാത്രി വൈകിയും നഗരത്തിൽ യാത്ര കടന്നുപോകുന്ന വഴികളിൽ കാത്തുനിന്നത് നിരവധി പേർ.
തുടർച്ചയായ നടത്തത്തിന്റെ ക്ഷീണം മുഖത്തുണ്ടായിരുന്നെങ്കിലും ജനങ്ങളുടെ പിന്തുണയും സ്‌നേഹവും സുരേഷ് ഗോപിയെ കൂടുതൽ ആവേശത്തിലാക്കുകയായിരുന്നു. സമാപന വേദിയിലെത്തും വരെ അദ്ദേഹം പദയാത്രയ്ക്ക് മുൻപിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് സഞ്ചരിച്ചു. ജനങ്ങളോടുളള പ്രതിബദ്ധതയാണ് ഈ യാത്രയിലൂടെ സുരേഷ് ഗോപി തെളിയിക്കുന്നതെന്ന് യാത്രയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
കരുവന്നൂർ സഹകരണ ബാങ്കിൽ സിപിഎം നേതാക്കളുടെ സാമ്പത്തിക തിരിമറിക്ക് ബലിയാടാകേണ്ടി വന്ന നിക്ഷേപക കുടുംബങ്ങളും യാത്രയിൽ പങ്കെടുത്തു. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനാണ് പദയാത്ര ഉദ്ഘാടനം ചെയ്തത്. കരുവന്നൂരിൽ വഞ്ചിക്കപ്പെട്ട കുടുംബാംഗങ്ങൾ ബിജെപിക്കോ ഇഡിക്കോ അല്ല ആദ്യം പരാതി നൽകിയതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സിപിഎമ്മിനും അതിന്റെ നേതാക്കൾക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നൽകിയത്. ഇതനുസരിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ പ്രതികളെയാണ് ഇഡി ചോദ്യം ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കരുവന്നൂർ പ്രതിഷേധം ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ല. നിക്ഷേപകർ
ചോര നീരാക്കി ഉണ്ടാക്കിയ പണം തട്ടിയെടുത്തവർക്കുളള താക്കീതാണെന്നും അദ്ദേഹം പറഞ്ഞു. വരും മാസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ സഹകരണ ബാങ്കുകളിലും ഇതുപോലെ വഞ്ചിതരായ നിക്ഷേപകർക്കായി അദാലത്ത് നടത്തുമെന്നും പ്രതിഷേധം സംസ്ഥാന വ്യാപമായി വ്യാപിപ്പിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ഇഡിയും കരുവന്നൂരും ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ മറുപടി നൽകി.
ബിജെപി നേതാക്കളായ ശോഭാ സുരേന്ദ്രൻ, എംടി രമേശ്, ബി ഗോപാലകൃഷ്ണൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Discussion about this post