തിരുവനന്തപുരം; ഇടതുമുന്നണി നേതൃത്വം നല്കുന്ന കണ്ടല സഹകരണ സംഘത്തിൽ തട്ടിപ്പിനിരയായവരെ ചേർത്തുനിർത്തി ബിജെപി. തട്ടിപ്പിന് ഇരയായവർക്ക് നഷ്ടപ്പെട്ട പണം തിരച്ചു നൽകണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് നടത്തിയ സഹകാരി സംരക്ഷണ ഉപവാസ സമര വേദിയിൽ ആശ്വാസം തേടിയെത്തിയത് ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ച് സമ്പാദിച്ച പണം നഷ്ടപ്പെട്ട് പെരുവഴിയിലായ നിരവധി നിക്ഷേപകരാണ്.
വിവി രാജേഷ് തന്നെയാണ് ഇവരെ സമൂഹമാദ്ധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന് പരിചയപ്പെടുത്തിയത്. പ്രായമായ ഹബീബ് ആക്രിക്കച്ചവടം നടത്തി കിട്ടിയ തുകയാണ് കരുവന്നൂരിൽ നിക്ഷേപിച്ചത്. ഇപ്പോൾ മരുന്നു വാങ്ങാൻ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണെന്ന് വിവി രാജേഷ് കുറിച്ചു. സഹകരണസംഘത്തിന് മുന്നിൽ നടന്ന സമരത്തിൽ പങ്കെടുക്കാനെത്തിയ ഇവരുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിവി രാജേഷിന്റെ കുറിപ്പ്.
സൈനികനായ മകൻ 12 വർഷങ്ങൾക്ക് മുമ്പ് 23ാം വയസ്സിൽ സേവനത്തിനിടയിൽ മരണപ്പെട്ടപ്പോൾ കേന്ദ്രസർക്കാർ നൽകിയ പണം കണ്ടലയിൽ നിക്ഷേപിച്ച് പെരുവഴിയിലായ ശശിധരനും പ്രതിഷേധ വേദിയിലെത്തി. കേന്ദ്രസർക്കാർ നൽകിയ 22 ലക്ഷം രൂപയാണ് ശശിധരൻ കണ്ടലയിൽ നിക്ഷേപിച്ചത്. ഇദ്ദേഹമിപ്പോൾ ക്യാൻസർ രോഗികൂടിയാണെന്ന് വിവി രാജേഷ് ചൂണ്ടിക്കാട്ടി. പണവുമില്ല, ഇതുവരെയുള്ള പലിശയും നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇവരാരും ബിജെപി അനുഭാവികളല്ലെന്ന് വിവി രാജേഷ് ചൂണ്ടിക്കാട്ടി. സിപിഎം 20000-ൽ കൂടുതൽ വോട്ടിന് ജയിച്ച കാട്ടാക്കടയിലെ വോട്ടർമാരാണ്. ഞങ്ങൾ ഇവരെ ചേർത്ത് പിടിയ്ക്കുകയാണ്. ഇവരുടെ കാശ് വിയർപ്പിന്റെ ഗന്ധമുള്ളതാണ്. അല്ലാതെ മാസപ്പടി കിട്ടിയതല്ല, അതുകൊണ്ട് ആ പണം തിരികെ ലഭി്ക്കുന്നത് വരെ ഞങ്ങൾ ഇനി ഇവർക്കൊപ്പമാണെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണിയാണ് സമരം ഉദ്ഘാടനം ചെയ്തത്. മുതിർന്ന നേതാവ് ഒ.രാജഗോപാൽ നാരങ്ങ നീര് നൽകി സമരം അവസാനിപ്പിച്ചു. സമാപന സമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് ഉദ്ഘാടനം ചെയ്തു.
Discussion about this post