കൊച്ചി : കണ്ണൂർ സെൻട്രൽ ജയിലിൽ സിപിഎം പ്രവർത്തകൻ കെപി രവീന്ദ്രൻ കൊല്ലപ്പെട്ട കേസിൽ ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രതികളിൽ മൂന്ന് പേർക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച കോടതി മറ്റുള്ളവരെ വെറുതെ വിട്ടു.
2004 ഏപ്രിലിൽ ആയിരുന്നു സംഭവം. സിപിഎം തടവുകാരും ആർ.എസ്.എസ് – ബിജെപി തടവുകാരും തമ്മിലുള്ള സംഘർഷത്തിലാണ് സിപിഎം പ്രവർത്തകനായ കെപി രവീന്ദ്രൻ കൊല്ലപ്പെട്ടത്.ഒൻപത് പ്രതികളിൽ രണ്ടു പേർ ഇതിനോടകം മരണപ്പെട്ടു. രണ്ടാം പ്രതി ഫൽഗുനൻ, അഞ്ചാം പ്രതി ദിനേശൻ , ഒൻപതാം പ്രതി അശോകൻ എന്നിവരെയാണ് കോടതി ആറുമാസം തടവിനു ശിക്ഷിച്ചത്.
മൂന്നാം പ്രതി കുഞ്ഞിപ്പറമ്പത്ത് രഘു, നാലാം പ്രതി കോഴിക്കോട് അരക്കിണർ ഭദ്ര നിവാസിൽ സനൽ പ്രസാദ്, ആറാം പ്രതി മൊകേരി കുനിയിൽ കൊട്ടക്ക ശശി, എട്ടാം പ്രതി പൊയിലൂർ കച്ചേരി തരശ്ശിയിൽ സുനി എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി പി. വിജയഭാനു, എസ് രാജീവ്, അർജുൻ ശ്രീധർ എന്നിവർ ഹാജരായി.
Discussion about this post