കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ നടപടിയുമായി പോലീസ്. സംഭവത്തിൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ് എടുത്തു. സുരേഷിനെതിരെയാണ് വെള്ളയിൽ പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ഇയാളെ ആശുപത്രി അധികൃതർ ചുമതലകളിൽ നിന്നും മാറ്റി.
ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയാണ് പരാതിക്കാരി. ഓഗസ്റ്റ് 10 നായിരുന്നു കേസിന് ആസ്പദമായ സംഭവം. വസ്ത്രം മാറുന്നതിനിടെ സുരേഷ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ബഹളം വച്ചപ്പോൾ ഇയാൾ മുറിയിൽ നിന്നും ഇറങ്ങിയോടിയെന്നും പരാതിയിൽ പറയുന്നു. അന്ന് തന്നെ യുവതി ഇക്കാര്യം വനിതാ ജീവനക്കാരിയോട് പറഞ്ഞിരുന്നു. എന്നാൽ ഭയം കാരണം പോലീസിൽ പരാതി നൽകിയില്ല.
എന്നാൽ ഈ അടുത്ത് ഇയാൾ യുവതിയോട് വീണ്ടും അപമര്യാദയായി പെരുമാറി. ഇതോടെയായിരുന്നു പരാതി നൽകിയത്. ആശുപത്രി അധികൃതർക്കാണ് ആദ്യം പരാതി നൽകിയത്. ഇതിൽ ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ യുവതിയുടെ പരാതി സത്യമാണെന്ന് ബോദ്ധ്യമായി. ഇതോടെ പരാതി പോലീസിന് കൈമാറുകയായിരുന്നു. ഇതിന് പിന്നാലെ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Discussion about this post