കണ്ണൂർ: താവക്കരയിൽ സ്‌കൂൾ വളപ്പിൽ അതിക്രമിച്ച് കടന്ന് മരം മുറിച്ച സംഭവത്തിൽ കേസ് എടുത്ത് പോലീസ്. പ്രധാന അദ്ധ്യാപകന്റെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. സ്‌കൂളിലേക്ക് അതിക്രമിച്ച് കടന്നതിനാണ് അദ്ധ്യാപകൻ പരാതി നൽകിയത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പരാതിയ്ക്ക് ആസ്പദമായ സംഭവം. ഒരു സംഘം ആളുകൾ സ്‌കൂളിലേക്ക് അതിക്രമിച്ച് കടന്ന് മരച്ചില്ലകൾ വെട്ടിമാറ്റുകയായിരുന്നു. സ്‌കൂളിന് സമീപം ലൈഫ് മിഷൻ പദ്ധതിയുടെ വലിയ പരസ്യം സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ മുഖ്യമന്ത്രിയുടെ തല കാണുന്നില്ലെന്ന് ആരോപിച്ചായിരുന്നു മരച്ചില്ലകൾ വെട്ടിയത് എന്നാണ് പരാതി.
സംഭവം നടക്കുന്നതിന് ദിവസങ്ങൾ മുൻപ് ചില്ലകൾ വെട്ടിമാറ്റാൻ അനുവാദം ചോദിച്ച് ഒരു സംഘം എത്തിയിരുന്നതായി പ്രധാന അദ്ധ്യാപകന്റെ പരാതിയിൽ പറയുന്നു. എന്നാൽ ഇതിന് അനുമതി നൽകിയില്ല. ഇതിന് പിന്നാലെയാണ് അതിക്രമിച്ച് കയറി മരം മുറിച്ച് നീക്കിയത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 447, 427 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. കണ്ണൂർ ടൗൺ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആരെയും പ്രതിചേർത്തിട്ടില്ല. അതേസമയം സിപിഎം പ്രവർത്തകരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന.
Discussion about this post