പത്തനംതിട്ട : മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 100 വർഷം കഠിന തടവ്. പത്തനാപുരം പുന്നല സ്വദേശി വിനോദിനാണ് അടൂർ ഫാസ്റ്റ് ട്രാക്ക് ആന്റ് സ്‌പെഷ്യൽ കോടതി ജഡ്ജി എ. സമീർ ശിക്ഷ വിധിച്ചത്. നാല് ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചു.
അഞ്ച് വകുപ്പുകളിലായാണ് വിധി പ്രഖ്യാപനം. അഞ്ചു വകുപ്പുകളിലായി 100 വർഷം വരുമെങ്കിലും ഇയാൾക്ക് 20 വർഷം ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. കേസിൽ പിഴ തുക അടയ്ക്കാത്ത പക്ഷം പ്രതി രണ്ടു വർഷം കൂടി അധിക തടവ് അനുഭവിക്കണം.
കേസിൽ രണ്ട് പ്രതികളാണ് ഉണ്ടായിരുന്നത്. ഇയാളുടെ അടുത്ത ബന്ധുവായ രാജമ്മയാണ് രണ്ടാം പ്രതി. രാജമ്മയെ കോടതി താക്കീതു നൽകി വിട്ടയച്ചു.
വിനോദ് മുമ്പ് താമസിച്ചിരുന്ന ഏനാദിമംഗലത്തെ വീട്ടിൽ 2021 ഡിസംബർ 18 ന് രാത്രിയിലാണ് കുറ്റകൃത്യം നടന്നത്. മൂന്നരവയസുകാരിയുടെ സഹോദരി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണ്. ആ കേസിൽ ഇയാൾ വിചാരണ നേരിടുകയാണ്.
പീഡനത്തിനിരയായ മൂത്ത കുട്ടിയാണ് അമ്മയോട് പീഡന വിവരം പറഞ്ഞത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് അമ്മ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞു കൊടുക്കുമ്പോഴാണ് പീഡനത്തിന് ഇരയായ വിവരം മൂത്തകുട്ടി അമ്മയോട് പറഞ്ഞത്. കളളം പറയരുതെന്ന സന്ദേശമാണ് ഗാന്ധിജി ജീവിതം കൊണ്ട് നൽകുന്നതെന്ന് പറഞ്ഞ അമ്മയോട് എട്ടുവയസ്സുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി.
Discussion about this post