പത്തനംതിട്ട: കേന്ദ്രസർക്കാർ അംഗീകരിച്ച ഓൾ ഇന്ത്യ പെർമിറ്റിന്റെ ബലത്തിൽ പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക് സർവ്വീസ് നടത്തിയ റോബിൻ ബസ് വീണ്ടും ഉദ്യോഗസ്ഥർ തടഞ്ഞത് വിവാദമാകുന്നു. കെഎസ്ആർടിസിയുടെ പരാതി ഉണ്ടെന്ന് പറഞ്ഞാണ് ബസ് സർവ്വീസ് തുടങ്ങിയതിന് പിന്നാലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത്. ഇത് രണ്ടാം തവണയാണ് റോബിൻ ബസ് ഇങ്ങനെ തടയുന്നത്.
കഴിഞ്ഞ ദിവസമാണ് ബസിന് ഒരു ലക്ഷത്തി 28,000 രൂപ ടാക്‌സ് അടച്ചതെന്ന് ബസ് ഉടമയായ ഗിരീഷ് പറഞ്ഞു. ടാക്‌സ് അടയ്ക്കുമ്പോൾ സർവ്വീസ് നടത്താൻ അനുമതിയില്ലെന്ന് ഉദ്യോഗസ്ഥർക്ക് പറയാമായിരുന്നു. ടാക്‌സ് വാങ്ങി സർക്കാരിലേക്ക് നൽകിയിട്ട് സർവ്വീസ് അനുവദിക്കില്ലെന്നത് നീതി നിഷേധമാണെന്നും ഉടമ പറയുന്നു.
രാവിലെയാണ് പത്തനംതിട്ടയിൽ നിന്നും സർവ്വീസ് ആരംഭിച്ച ബസ് റാന്നിയിലെത്തിയപ്പോൾ ആർടിഒ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി തടഞ്ഞത്. സർവ്വീസ് അനുവദിച്ചുകൊണ്ടുളള സുപ്രീംകോടതി ഉത്തരവ് കാണിച്ചിട്ടും ഉദ്യോഗസ്ഥർ വിട്ടില്ല. ബസിൽ ഉണ്ടായിരുന്ന യാത്രക്കാരെ ഇടയ്ക്ക് ഇറക്കി വിട്ട് ബസ് പത്തനംതിട്ടയിലേക്ക് കൊണ്ടുവരികയും ചെയ്തു.
കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകൾക്ക് ഭീഷണിയാകുമെന്ന് പറഞ്ഞാണ് ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ നീതിനിഷേധം നടത്തുന്നതെന്ന് ഭിന്നശേഷിക്കാരൻ കൂടിയായ ഉടമ ഗിരീഷ് ആരോപിച്ചു. ഇന്നലെ ടാക്‌സ് വാങ്ങാതിരുന്നാൽ മതി. ഞാൻ ഇന്ന് ഓടിക്കില്ലായിരുന്നു. ടാക്‌സ് വാങ്ങി വെച്ചു കഴിഞ്ഞാണ് ഇവർ ഈ പണി തുടങ്ങുന്നത്. മുപ്പതോളം പേർ വിവിധ സ്ഥലങ്ങളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
പരാതിയുടെ പകർപ്പ് ചോദിച്ചിട്ടും നൽകിയില്ല. അത് കാണുന്നില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഒളിച്ചുകളിക്കുകയാണെന്നും ഗിരീഷ് പറഞ്ഞു. നിയമലംഘനത്തിന് പിഴ അടച്ചാൽ ഇപ്പോൾ ബസ് വിട്ടുതരുമോ എന്ന് ചോദിച്ചു. അപ്പോൾ തിരുവല്ല എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ പക്കൽ നിന്നാണ് ബസ് വിടുതൽ നൽകേണ്ടതെന്ന് ആയിരുന്നു മറുപടി. അവിടെ അന്വേഷിച്ചപ്പോൾ അവർ ഞങ്ങൾക്ക് അറിയില്ല റാന്നി ജോയിന്റ് ആർടിഒ ആണ് പിടിച്ചതെന്ന് പറഞ്ഞു. പിടിച്ച ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോൾ പറഞ്ഞു എനിക്ക് ഒന്നും അറിയില്ല ആർടിഒ പറഞ്ഞിട്ട് പിടിച്ചതാണെന്ന് പറയുകയായിരുന്നുവെന്നും ഗിരീഷ് പറഞ്ഞു.
രണ്ടാഴ്ച മുൻപ് ഫിറ്റ്‌നസ് ടെസ്റ്റ് കഴിഞ്ഞതാണ്. ബസിന് കുഴപ്പം ഉണ്ടെന്ന് പറഞ്ഞപ്പോൾ അത് എഴുതി നൽകാമോയെന്ന് ചോദിച്ചെങ്കിലും ഉദ്യോഗസ്ഥർ അതിനും തയ്യാറായില്ലെന്ന് ഗിരീഷ് പറഞ്ഞു. സുപ്രീംകോടതി ഉത്തരവ് കാണിച്ചെങ്കിലും അത് ബാധകമല്ലെന്നും വണ്ടി പിടിക്കാൻ ഗതാഗത സെക്രട്ടറി പറഞ്ഞുവെന്നുമാണ് ഉദ്യോഗസ്ഥരുടെ മറുപടി.
വണ്ടി പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും ഉടമ ഇതിനെ എതിർത്തു. തുടർന്ന് പോലീസ് ക്യാംപിലേക്ക് ബസ് മാറ്റുകയായിരുന്നു. ബസ് വിട്ടുകൊടുക്കാൻ വൈകിയതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ആർടിഒയെ ഉപരോധിച്ചു.
ബസുകൾക്ക് ഓൾ ഇന്ത്യ പെർമിറ്റ് നൽകുന്നതിനായി 2019 ൽ കേന്ദ്ര ഗതാഗത മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. 2021 ൽ അന്തിമ വിജ്ഞാപനം ഇറക്കി. അന്ന് മേലോട്ട് നോക്കിയിരുന്ന സെക്രട്ടറി ഇപ്പോഴാണ് കേന്ദ്രത്തിന്റെ നിയമം നടപ്പാക്കില്ലെന്ന് പറഞ്ഞ് ഇറങ്ങിയതെന്നും ഗിരീഷ് പറഞ്ഞു. എഐ ക്യാമറകളും കേന്ദ്രനിർദ്ദേശമാണ്. ഇത് നടപ്പാക്കില്ലെന്ന് പറയുന്നവർ പിന്നീട് അത് എന്തിനാണ് നടപ്പാക്കിയതെന്നും ഗിരീഷ് ചോദിക്കുന്നു. മികച്ച സൗകര്യങ്ങൾ നൽകി സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയാൽ അത് കെഎസ്ആർടിസിക്ക് വലിയ തിരിച്ചടിയാകും.
Discussion about this post