ജെറുസലേം; ഹമാസിനെതിരെ ഇസ്രായേൽ നടത്തുന്ന യുദ്ധം 11 ാം ദിവസത്തിലേക്ക്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേൽ സന്ദർശിക്കും. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ ആണ് ഇക്കാര്യം അറിയിച്ചത്.
ബൈഡന്റെ സന്ദർശനം ഇസ്രായേലിനും മദ്ധ്യേഷ്യൻ മേഖലയ്ക്കും നിർണായകമാണെന്ന് ബ്ലിങ്കൺ പറഞ്ഞു. ഗാസയിൽ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന മനുഷ്യർക്ക് കൂടുതൽ സഹായം ഉറപ്പാക്കുന്നത് അടക്കമുളള കാര്യങ്ങൾ ബൈഡന്റെ സന്ദർശനത്തിൽ ചർച്ചയാകും. ഇസ്രായേലുമായി ചേർന്ന് ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ബ്ലിങ്കൺ കൂട്ടിച്ചേർത്തു. വിവിധ സന്നദ്ധ സംഘടനകളെ കോർത്തിണക്കി ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കാനാണ് നീക്കം.
ഹമാസ് ഭീകരരെ തുടച്ചുനീക്കാൻ വിപുലമായ കരയുദ്ധത്തിന് ഇസ്രായേൽ തയ്യാറെടുക്കുന്നതിനിടെയാണ് ജോ ബൈഡന്റെ സന്ദർശനം. കരയുദ്ധത്തിന്റെ മുന്നൊരുക്കങ്ങൾ നടത്താൻ സേനയ്ക്ക് ഇസ്രായേൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതുവരെ നാലായിരത്തോളം ആളുകൾ യുദ്ധത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക വിവരം. 1400 പേർ ഇസ്രായേലികളാണ്. ഒക്ടോബർ ഏഴിന് ഇസ്രായേലിന്റെ മേഖലയിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് ഭീകരർ ജനങ്ങളെ കൂട്ടക്കുരുതി നടത്തിയതോടെയാണ് ഹമാസിനെതിരെ ഇസ്രായേൽ തുറന്ന യുദ്ധം പ്രഖ്യാപിച്ചത്.
Discussion about this post