കൊച്ചി: കേരളത്തിലെ ട്രെയിനുകളിൽ ജനറൽ കംപാർട്ട്‌മെന്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി. കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തിലാണ് ബ്രിട്ടാസ് ഇക്കാര്യം ആവശ്യപ്പെട്ടത്. വായു സഞ്ചാരം പോലും തടസ്സപെടുന്ന രീതിയിൽ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്നത് മൂലം യാത്രക്കാർ ബോധരഹിതരാകുന്നത് പതിവ് കാഴ്ചയായെന്നും എന്നിട്ടും റെയിൽവേ അധികാരികൾ കണ്ട മട്ട് നടിച്ചിട്ടില്ലെന്നുമാണ് ജോൺ ബ്രിട്ടാസിന്റെ പരാതി.
രാജ്യസഭാ എംപി കൂടിയായ ബ്രിട്ടാസ് കത്തയച്ച കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. സിപിഎം ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലും ഇക്കാര്യം പങ്കുവെച്ചു. എന്നാൽ ഇതിനൊപ്പം പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയ കാർഡിൽ ഏതോ സംസ്ഥാനത്ത് ട്രെയിനിന്റെ വാതിലുകളിൽ തൂങ്ങി നിന്ന് പോകുന്ന യാത്രക്കാരുടെ ചിത്രമാണ് ഉൾപ്പെടുത്തിയത്. കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ അവസ്ഥയാണിതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രചാരണം.
ജനറൽ കമ്പാർട്ടുമെന്റുകളിൽ സൂചി കുത്താനിടമില്ലാതെ തിങ്ങി നിറഞ്ഞാണ് ഇപ്പോൾ യാത്രക്കാർ സഞ്ചരിക്കുന്നതെന്ന് ബ്രിട്ടാസ് പരാതിയിൽ പറയുന്നു. ഗുസ്തി പിടിച്ചു തിങ്ങി നിറഞ്ഞു നിൽക്കുന്നവരെ ചവിട്ടിയകറ്റി മാത്രമേ ജനറൽ കംപാർട്മെന്റുകളിലേക്ക് പ്രവേശിക്കുവാൻ പോലും കഴിയൂവെന്നും പലപ്പോഴും വാതിൽപ്പടിയിൽ തൂങ്ങിനിന്നാണ് യാത്രയെന്നും ബ്രിട്ടാസ് കണ്ടെത്തിയിട്ടുണ്ട്.
ഗൂഗിൾ ചിത്രം ഉപയോഗിച്ചാണ് സിപിഎം സോഷ്യൽ മീഡിയ വിഭാഗം കാർഡ് തയ്യാറാക്കിയത്. ഗൂഗിളിൽ ട്രെയിൻ പാസഞ്ചേഴ്‌സ് എന്ന് തിരഞ്ഞാൽ ഈ ചിത്രം ലഭിക്കുകയും ചെയ്യും. ദുരിതയാത്രയാണ് റെയിൽവേ നൽകുന്നതെന്ന് സമർത്ഥിക്കാൻ വേണ്ടി ഈ ചിത്രം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്ന് വേണം കരുതാൻ. കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ചിത്രങ്ങൾ ഗൂഗിളിൽ തന്നെ ലഭ്യമാണ്. ഇത് ഒഴിവാക്കിയാണ് ഇതര സംസ്ഥാനത്ത് ട്രെയിനിന്റെ വാതിലിൽ തൂങ്ങി നിന്ന് യാത്ര ചെയ്യുന്ന പഴയ ചിത്രം തന്നെ തിരഞ്ഞെടുത്തത്.
വന്ദേ ഭാരത് ട്രെയിനുകളുടെ സമയക്രമം യുക്തിസഹമായി പരിഷ്‌കരിച്ച് മറ്റു ട്രെയിനുകളുടെ സമയക്രമം മാറ്റം വരുത്താതെ നിലനിർത്തണമെന്നും ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെടുന്നു. ജനറൽ കമ്പാർട്ടുമെന്റുകളുടെ കുറവ് നിമിത്തം യാത്രക്കാർ അങ്ങേയറ്റം കഷ്ടപ്പെടുകയാണ്. ഉത്തര കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചാൽ മാത്രമേ ഇതിനൊരറുതി വരുത്താൻ കഴിയൂ. അതിനാൽ എത്രയും വേഗം ട്രെയിനുകളിൽ ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം കൂട്ടാൻ വേണ്ട നിർദേശം റെയിൽവേ അധികാരികൾക്കു നൽകണമെന്നാണ് ബ്രിട്ടാസിന്റെ ആവശ്യം.
Discussion about this post