തിരുവനന്തപുരം: അന്തരിച്ച സിനിമാ നടൻ കുണ്ടറ ജോണിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ. അടുത്ത സുഹൃത്തുകളിൽ ഒരാളെയാണ് തനിയ്ക്ക് നഷ്ടമായത് എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്‌കളങ്കതയും നിറഞ്ഞ, സ്‌നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളിനെയാണ് എനിക്ക് നഷ്ടമായത്. വേദനയോടെ ആദരാഞ്ജലികൾ- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
മോഹൻലാലിന് പുറമേ നടനും ബിജെപി എംപിയുമായ സുരേഷ് ഗോപിയും കുണ്ടറ ജോണിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. മലയാളികൾ എക്കാലവും ഓർത്തുവെയ്ക്കുന്ന ഒരുപിടി മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ എന്റെ സ്വന്തം ജോണ്ണി ചേട്ടന് ആദരാഞ്ജലികൾ എന്നായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു മലയാള സിനിമയിലെ സജീവ സാന്നിദ്ധ്യം ആയ കുണ്ടറ ജോണി അന്തരിച്ചത്. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം.
Discussion about this post