ന്യൂഡൽഹി: ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്ക് ജാമ്യമില്ല. സിസോദിയ നവംബർ 22 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുമെന്ന് ഡൽഹി കോടതി അറിയിച്ചു.
മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിനെ അധികരിച്ച് മാർച്ച് 9ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിഹാർ ജയിലിൽ നിന്നാണ് സിസോദിയയെ കസ്റ്റഡിയിൽ എടുത്തത്. ഫെബ്രുവരി 28ന് തന്നെ സിസോദിയ ഡൽഹി ക്യാബിനറ്റിൽ നിന്നും രാജി വെച്ചിരുന്നു.
2021 നവംബർ 17നാണ് വിവാദ മദ്യനയം ഡൽഹി സർക്കാർ നടപ്പിലാക്കിയത്. എന്നാൽ അഴിമതി ആരോപണത്തെ തുടർന്ന് 2022 സെപ്റ്റംബറിൽ ഡൽഹി സർക്കാർ മദ്യനയം പിൻവലിച്ചിരുന്നു. വിവാദ മദ്യനയപ്രകാരം വ്യാപാരികളുടെ മാർജിൻ 5 ശതമാനത്തിൽ നിന്നും 12 ശതമാനമായി ഉയർന്നിരുന്നു. ഇത് അഴിമതിയുടെ ഭാഗമായിരുന്നു എന്നാണ് സിബിഐയും ഇഡിയും കണ്ടെത്തിയിരിക്കുന്നത്.
അഴിമതിയെ തുടർന്ന് അനർഹർക്കും മദ്യലൈസൻസ് ലഭിച്ചുവെന്നും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച ഡൽഹി സർക്കാർ, എല്ലാം സംസ്ഥാനത്തിന്റെ എക്സൈസ് വരുമാനം ഉയർത്താനാണ് എന്ന വാദമാണ് ആവർത്തിക്കുന്നത്.
Discussion about this post