വാഷിംഗ്ടൺ: ഹമാസിന്റെ ലക്ഷ്യം ജനാധിപത്യത്തിന്റെ ഉന്മൂലനമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഈ സാഹചര്യത്തിൽ ഇസ്രയേലിന് പിന്തുണ നൽകുക എന്നത് അമേരിക്കയുടെ കടമയാണെന്നും ബൈഡൻ പറഞ്ഞു. ഹമാസ്- പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ഇസ്രയേൽ സന്ദർശനത്തിന് പിന്നാലെയാണ് ബൈഡൻ ഇക്കാര്യം ആവർത്തിച്ചത്.
ഹമാസും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും വ്യത്യസ്ത തരത്തിലുള്ള ഭീഷണികളാണെങ്കിലും ഇവർ ഒരേ തൂവൽപ്പക്ഷികളാണ്. സമീപ രാജ്യങ്ങളിലെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുക എന്നത് ഇരുകൂട്ടരുടെയും പൊതു നയമാണെന്ന് ബൈഡൻ ആരോപിച്ചു.
വിദ്വേഷം വിതയ്ക്കാൻ ഒരു കൂട്ടർ ശ്രമിക്കുമ്പോൾ ഉത്തരവാദപ്പെട്ട ജനാധിപത്യ രാജ്യം എന്ന നിലയിൽ അമേരിക്കക്ക് നോക്കി നിൽക്കാനാവില്ല. ഭീകരവാദികളായ ഹമാസിനെയും സേച്ഛാധിപത്യ നിലപാട് സ്വീകരിക്കുന്ന പുടിനെയും ഇതേ രീതിയിൽ മുന്നോട്ട് പോകാൻ അനുവദിക്കുന്ന പ്രശ്നമില്ലെന്നും ബൈഡൻ പറഞ്ഞു.
യുക്രെയ്നെയും ഇസ്രയേലിനെയും സാമ്പത്തികമായി സഹായിക്കാൻ അമേരിക്കൻ കോൺഗ്രസിനോട് ആവശ്യപ്പെടും. ലോകതാത്പര്യം മുൻനിർത്തിയാണ് ഈ നടപടിയെന്നും ടെലിവിഷൻ അഭിസംബോധനയിൽ ബൈഡൻ പറഞ്ഞു.
Discussion about this post