ന്യൂഡല്‍ഹി : വന്ദേ ഭാരത് ട്രെയിന്‍ ഇനി ചെങ്ങന്നൂരും നിര്‍ത്തുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. തന്റെ ഔദ്യോഗിക ഫേസ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ച റയില്‍വേ മന്ത്രാലയത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് വി മുരളീധരന്റെ പോസ്റ്റ്.
ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചതോടെ ഏറെ ആശ്വാസകരമാകുക ആലപ്പുഴ പത്തനംതിട്ട ജില്ലക്കാര്‍ക്കാണ്. ശബരിമല അടക്കം നിരവധി സ്ഥലങ്ങളിലേയ്ക്ക് പോകാന്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന പ്രധാന റെയില്‍വേ സ്‌റ്റേഷനില്‍ വന്ദേ ഭാരതിന് സ്‌റ്റോപ്പ് അനുവദിക്കാത്തതില്‍ ജനങ്ങള്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ വിഷയം റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ സ്റ്റോപ്പ് അനുവദിച്ചത്. ആലപ്പുഴ ബിജെപി ജില്ലാ ഘടകമാണ് സ്റ്റേഷന് നിര്‍ദ്ദേശം സമര്‍പ്പിച്ചതെന്നും കേന്ദ്ര മന്ത്രി പറയുന്നു. വിഷയത്തില്‍ അതിവേഗ ഇടപെടല്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും പ്രത്യേക നന്ദിയും അറിയിക്കുന്നതായി വി മുരളീധരന്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
ശുഭയാത്ര.
വന്ദേ ഭാരത് ഇനി ചെങ്ങന്നൂരിലും നിര്‍ത്തും.
കാസര്‍ഗോഡ് – തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ച റയില്‍വേ മന്ത്രാലയത്തിന് നന്ദി. ആലപ്പുഴ ബിജെപി ജില്ലാ ഘടകം മുന്നോട്ട് വെച്ച നിര്‍ദേശം കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
തൊട്ടുപിന്നാലെ തന്നെ ഇടപെടല്‍ നടത്തിയ അശ്വനി വൈഷ്ണവ്ജിയെ സ്‌നേഹാദരത്തോടെ സ്മരിക്കുന്നു.
ശബരിമല തീര്‍ത്ഥാടനകാലം കൂടി കണക്കിലെടുത്ത് ഉണ്ടായ അതിവേഗ ഇടപെടലിന് പ്രധാനമന്ത്രി നരേന്ദ്രമോദിജിയോടും നന്ദി അറിയിക്കുന്നു.
Discussion about this post