തിരുവനന്തപുരം: വൻ വിലക്ക് മദ്യം വിൽക്കുമ്പോഴും നികുതി കുടിശ്ശിക ഇനത്തിൽ സർക്കാരിന് നൽകാനുള്ള 200 കോടി രൂപ നൽകാൻ തയ്യാറാകാതെ ബാർ ഉടമകൾ. കുടിശ്ശിക നൽകാത്ത ബാർ ഉടമകൾക്ക് മദ്യം നൽകുന്നത് നിർത്തി വെക്കാൻ സർക്കാർ രണ്ടാഴ്ച മുൻപ് തീരുമാനിച്ചിരുന്നു. എന്നാൽ നാല് ദിവസത്തിനുള്ളിൽ സർക്കാർ ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് സർക്കാർ തന്നെ പരിതപിക്കുന്ന സാഹചര്യത്തിലാണ് നികുതി ഇനത്തിൽ ഭീമൻ തുകകൾ നൽകാനുള്ള ബാറുകൾക്ക് അനുകൂലമായി സർക്കാർ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത് ബാർ ഉടമകളുടെ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് എന്ന ആരോപണം ഉയരുകയാണ്.
കുടിശ്ശിക വരുത്തിയ ബാറുകൾക്ക് മദ്യം നൽകുന്നത് നിർത്താനുള്ള തീരുമാനം പിൻവലിച്ചതിന് പിന്നിൽ ധനമന്ത്രിയുടെ ഓഫീസ് ഇടപെടൽ നടത്തിയതായി ബാർ ഉടമകളിൽ ഒരു വിഭാഗം ആരോപണം ഉന്നയിക്കുന്നുണ്ട്. സർക്കാർ തീരുമാനം അനുകൂലമാക്കാൻ സംഘടനാതലത്തിൽ ബാർ ഉടമകൾ പണപ്പിരിവ് നടത്തിയതായും ഇവർ ആരോപിക്കുന്നു.
അഴിമതി നടന്നു എന്ന നിലയിലേക്കാണ് ആരോപണങ്ങൾ വിരൽ ചൂണ്ടുന്നത്. മറ്റ് മേഖലകളിൽ നികുതി കുടിശ്ശിക വരുത്തിയവർക്കെതിരെ കടുത്ത നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമ്പോഴും ബാർ ഉടമകളുടെ കാര്യത്തിൽ മൃദുസമീപനം പുലർത്തുന്നതിനെതിരെ ജനരോഷവും ശക്തമാണ്.
Discussion about this post