തിരുവനന്തപുരം: അനുജനെ വിളിക്കാൻ കോളേജിൽ എത്തിയ യുവാവിന്റെ കൈ തല്ലിയൊടിച്ച് എസ്എഫ്‌ഐ പ്രവർത്തകർ. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
നെയ്യാറ്റിൻകര സ്വദേശി ഡി.എസ് അഭിജിത്തിനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സഹോദരൻ അഞ്ജിത്തിനെ വിളിക്കാൻ വേണ്ടിയാണ് അഭിജിത്ത് കോളേജിൽ എത്തിയത്. അടുത്തിടെ ക്ലാസിലെ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ അഞ്ജിത്ത് മൊഴി നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യത്തെ തുടർന്നായിരുന്നു മർദ്ദനം.
അഞ്ജിത്തിനെ വിളിക്കാൻ ചെന്നപ്പോൾ എസ്എഫ്‌ഐ നേതാക്കളുമായി വാക്കുതർക്കം ഉണ്ടായി. ഇതിന് തൊട്ട് പിന്നാലെ മർദ്ദനം ആരംഭിക്കുകയായിരുന്നു. എസ്എഫ്‌ഐ പ്രവർത്തകരും പിന്നാലെ ഡിവൈഎഫ്‌ഐ പ്രവർത്തകരും മർദ്ദിച്ചുവെന്നാണ് അഭിജിത്തിന്റെ പരാതി.
അഭിജിത്തിന്റെ പിതാവ് പ്രേംജിത്ത് ഇതേ കോളേജിലെ അദ്ധ്യാപകനും വൈദികനുമാണ്. മർദ്ദനത്തിൽ അഭിജിത്തിന്റെ വലതു കൈ ആണ് ഒടിഞ്ഞത്. തുടർന്ന് ശസ്ത്രക്രിയ നടത്തി.
Discussion about this post