ടെൽ അവീവ്: ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഒരുങ്ങി ഇസ്രായേൽ. ഇസ്രയേൽ. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കും. ജനങ്ങൾ തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞു പോകണമെന്നും ഇസ്രയേൽ നിർദേശം നൽകി. ഗാസ സിറ്റിയിലേയ്ക്ക് തിരിച്ചുവരുന്നതോ ഗാസയിൽ തുടരുന്നതോ ആയ ആളുകളെ ഭീകരരോ ഹമാസുമായി സഹകരിക്കുന്നവരോ ആയി കണക്കാക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയതായാണ് വിവരം. ഗാസ സിറ്റിയിൽ തുടരുന്നവർ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
നേരത്തെ വടക്കൻ ഗാസയിൽ നിന്നും ജനങ്ങൾ തെക്കോട്ട് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നു. നേരത്തെ വടക്കൻ ഗാസയിലെ ബെയ്റ്റ് ഹനൂനിൽ നിന്നും ഖാൻ യൂനിസിലേക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് ഇസ്രയേൽ വാഗ്ദാനം ചെയ്തിരുന്നു. തെക്കൻ ഗാസയിലേക്ക് പോകുന്നവർ ബെയ്റ്റ് ഹനൂനിൽ നിന്ന് ഖാൻ യൂനിസിലേക്കുള്ള ഒരൊറ്റവഴി തന്നെ ഉപയോഗിക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. സുരക്ഷിതപാത ഉപയോഗിക്കാനായി നിശ്ചിതസമയം ഈ പാതയിൽ ആക്രമണം നടത്തില്ലെന്നും ഇസ്രയേൽ അറിയിച്ചിരുന്നു.
അതിനിടെ ഇസ്രയേലിന് മുന്നറിയിപ്പുമായി ലെബനൻ ആസ്ഥാനമായ ഹിസ്ബുള്ളയും രംഗത്തെത്തി. ഗാസാ മുനമ്പിൽ കടന്നാൽ ഇസ്രയേൽ കനത്ത വില നൽകേണ്ടിവരും എന്നാണ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്. യുദ്ധത്തിന്റെ നടുവിലേക്ക് ഹിസ്ബുള്ള സൈനികൾ ഇറങ്ങിക്കഴിഞ്ഞതായി ഒരു ഉന്നത നേതാവ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post