ചെങ്ങന്നൂർ: തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർകോടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ ഉജ്ജ്വല സ്വീകരണം. ഇന്ന് മുതലാണ് വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലാണ് വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്വീകരണം നൽകിയത്. മണ്ഡലകാലമെത്തും മുൻപേ വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് ശബരിമല തീർത്ഥാടകർക്ക് ഏറെ ആശ്വാസം പകരുന്നുണ്ട്. കൊട്ടും മേളവുമായി നിരവധി പേരെത്തിയാണ്് വന്ദേഭാരതിനെ സ്വീകരിച്ചത്.
പുതിയ സമയക്രമം അനുസരിച്ച് ട്രെയിൻ പുറപ്പെടുന്ന സമയത്തിലടക്കം മാറ്റം വരുത്തും. തിരുവനന്തപുരത്ത് നിന്ന് അഞ്ച് മിനിറ്റ് നേരത്തെയാണ് ഇന്ന് മുതൽ വന്ദേഭരത് പുറപ്പെടുക. നിലവിൽ രാവിലെ 5.20 നാണ് തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെട്ടിരുന്നത്.
ഇന്ന് മുതൽ രാവിലെ 5.15 ന് സർവീസ് ആരംഭിക്കും. 6.03 ന് കൊല്ലത്തെത്തുന്ന വന്ദേഭാരത് 2 മിനിട്ട് ഇവിടെ നിർത്തിയിടും. ശേഷം 6.05 ന് കൊല്ലത്ത് നിന്നും പുറപ്പെട്ട് 6.53 ന് ചെങ്ങന്നൂരിൽ എത്തും. ചെങ്ങന്നൂരിൽ രണ്ട് മിനിറ്റ് നിർത്തിയ ശേഷം 6.55 ന് ഇവിടെ നിന്ന് യാത്ര തിരിക്കും.
എന്നാൽ കോട്ടയത്തും എറണാകുളത്തും നേരത്തെ എത്തിയിരുന്ന സമയത്ത് തന്നെ വന്ദേഭാരത് എത്തിച്ചേരും. ഇതിൽ മാറ്റമില്ല.എന്നാൽ തൃശൂരിൽ വന്ദേഭാരതിന്റെ സമയക്രമത്തിൽ മാറ്റമുണ്ടാകും. പതിവായി എത്തുന്ന 9.30 ന് തന്നെ എത്തുന്ന വന്ദേഭാരത് ഒരു മിനിറ്റ് അധികം ഇവിടെ കിടക്കും. നേരത്തെ 2 മിനിട്ടാണ് നിർത്തിയിട്ടിരുന്നതെങ്കിൽ നാളെ മുതൽ തൃശൂരിൽ വന്ദേഭാരത് 3 മിനിറ്റ് നിർത്തിയിടും.
9.33 ന് തൃശൂർ നിന്ന് പുറപ്പെടും. ഷൊർണൂർ മുതൽ കാസർകോട് വരെയുള്ള നിലവിലെ സമയപ്രകാരം തന്നെ വന്ദേഭാരത് കുതിച്ചെത്തും. കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലാണ് ഷോർണൂർ കഴിഞ്ഞാൽ വന്ദേഭാരത് നിർത്തുക.മടക്കയാത്രയിലും കാസർകോട് മുതൽ ഷൊർണൂർ വരെ സമയക്രമം പഴയതുപോലെ തന്നെയാകും.
എന്നാൽ തൃശൂരിൽ ഒരു മിനിട്ട് അധികം നിർത്തിയിടും. 6.10 ന് തന്നെ എത്തുന്ന വന്ദേഭാരത് ഇവിടെനിന്നും പുറപ്പെടുക 6.13 നായിരിക്കും. എറണാകുളത്തും കോട്ടയത്തും സമയത്തിൽ മാറ്റമില്ല.
Discussion about this post