ആലപ്പുഴ: തൃശൂരിലെ ജനങ്ങൾ സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി സ്വീകരിച്ചുകഴിഞ്ഞുവെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എൻഡിഎ സ്ഥാനാർത്ഥി എന്ന നിലയിൽ അദ്ദേഹത്തെ ജനങ്ങൾ നെഞ്ചേറ്റുന്നു എന്നതാണ് അവിടെ നടക്കുന്ന പരിപാടികളിൽ കാണുന്ന ജനപങ്കാളിത്തത്തിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നതെന്ന് പി.കെ കൃഷ്ണദാസ് പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയാക്കി ഔദ്യോഗികമായി ബിജെപി പ്രഖ്യാപിച്ചിട്ടില്ല. അത് അതിന്റെ മുറപോലെ നടക്കും. ജനവികാരമാണല്ലോ ഒരു പാർട്ടിയുടെ തീരുമാനത്തിന് ആധാരമായി മാറുന്നതെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഭരണവീഴ്ചയും ധൂർത്തും ഒക്കെ മറച്ചുവെയ്ക്കാനാണ് സിപിഎം ഇസ്രായേൽ ഹമാസ് യുദ്ധത്തെക്കുറിച്ചുളള ക്യാപ്‌സൂളുമായി ഇറങ്ങിയിരിക്കുന്നതെന്നും പി.കെ കൃഷ്ണദാസ് പരിഹസിച്ചു. ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതയോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അവർക്ക് വേണ്ട സഹായം നൽകിയിട്ടുണ്ട്. എന്നാൽ തീവ്രവാദികളോട് എതിരാണ്. ഇക്കാര്യത്തിൽ ഇന്ത്യാ ഗവൺമെന്റ് നിലപാട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹമാസ് എന്ന തീവ്രവാദ സംഘടനയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഏക പാർട്ടി സിപിഎം ആണെന്നും പി.കെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സിപിഎം നിലപാട്. സിപിഎമ്മിന്റെ ഹമാസ് അനുകൂല നിലപാടിലൂടെ ഒരു വിഭാഗം തീവ്രനിലപാടുളള സംഘടനകൾ കേരളത്തിൽ ജൂത വിരോധവും ക്രൈസ്തവ വിരോധവും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും പികെ കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
നേരത്തെ ഹിന്ദു മുസ്ലീം വിഭജനമാണ് മാർക്‌സിസ്റ്റ് പാർട്ടി ഉണ്ടാക്കിയത്. പിന്നീട് മുസ്ലീം ക്രൈസ്തവ വിഭജനവും അവർ ഉണ്ടാക്കി. ഇപ്പോൾ ഹമാസിന്റെ പേരിൽ വീണ്ടും സമൂഹത്തിൽ മതപരമായി വിഭാഗീയത സൃഷ്ടിക്കാനുളള ആസൂത്രിത നീക്കമാണ് സിപിഎം ആരംഭിച്ചത്. ഹമാസിന് നൽകുന്ന പിന്തുണ ക്ലച്ച് പിടിക്കാത്തതുകൊണ്ടാണ് അമ്പലത്തിൽ നിന്ന് ആർഎസ്എസിനെ അകറ്റാൻ തീരുമാനം എടുത്തിരിക്കുന്നതെന്നും കാവി ഒഴിവാക്കിയാൽ പിന്നെ ദൈവങ്ങൾ മിത്താണെന്ന് വാദിക്കുന്നവർക്കുളളതാണോ ക്ഷേത്രങ്ങളെന്നും പി.കെ കൃഷ്ണദാസ് ചോദിച്ചു.
Discussion about this post