കോഴിക്കോട്; ഇസ്രായേലിന്റെ പക്ഷം പറയാൻ കോഴിക്കോട് കടപ്പുറത്ത് ശശി തരൂരിന് അവസരം ഉണ്ടാക്കിക്കൊടുത്തതിന്റെ പാപക്കറ ‘ഖിയാമത്ത്’ നാൾ വരെ ലീഗിനെ വേട്ടയാടുമെന്ന് കെടി ജലീൽ. ഫേസ്ബുക്കിലൂടെ നടത്തിയ പ്രതികരണത്തിലാണ് ജലീലിന്റെ ശാപം. മേലിലെങ്കിലും ഇത്തരം പരിപാടികൾ നടത്തുമ്പോൾ ആരെയൊക്കെയാണ് പ്രസംഗിക്കാൻ വിളിക്കേണ്ടതെന്ന് അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കിയാൽ നന്നാകുമെന്നും ജലീൽ പറയുന്നു.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ അതൃപ്തി സമ്പാദിച്ച് ശശി തരൂരിനെ മുഖ്യാതിഥിയാക്കിയത് കൊണ്ട് എന്ത് രാഷ്ട്രീയ നേട്ടമാണ് ലീഗിന് ഉണ്ടായത്? തരൂരിനെ ഉയർത്തിക്കാട്ടി എന്തു ‘മാങ്ങാതൊലി’യാണ് ലീഗ് ഉണ്ടാക്കാൻ പോകുന്നതെന്നും കെടി ജലീൽ ചോദിക്കുന്നു.
ആയിരക്കണക്കിന് പലസ്തീനികളെ കൊന്നൊടുക്കുകയും പതിനായിരക്കണക്കിന് പലസ്തീനികളെ അവരുടെ കിടപ്പാടങ്ങളിൽ നിന്ന് ആട്ടിയോടിക്കുകയും ചെയ്ത ഇസ്രായേലിന് ഇനിയും തലവെച്ച് കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞതിനെയാണ് ശശി തരൂർ ഭീകരാക്രമണം എന്നു വിശേഷിപ്പിച്ചതെന്നാണ് ജലീലിന്റെ വിലയിരുത്തൽ. പതിറ്റാണ്ടുകളായി ഇസ്രായേൽ പലസ്തീനികൾക്കു മേൽ നടത്തിവരുന്ന മനുഷ്യത്വ രഹിത ആക്രമണങ്ങളെ ‘ഭീകരത’യായി കാണാത്ത മാനസികാവസ്ഥയുള്ളവരാണ് ശശി തരൂരിനെപ്പോലുളളവരെന്നും കെടി ജലീൽ പറയുന്നു.
എന്നാൽ ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിന്റെ മണ്ണിൽ നടത്തിയ അക്രമങ്ങളെക്കുറിച്ച് ജലീൽ ഒന്നും മിണ്ടിയിട്ടല്ല. 1400 പേരാണ് അന്ന് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ തിരഞ്ഞുപിടിച്ച് തനി ഭീകരാക്രമണമാണ് ഹമാസ് നടത്തിയത്. ഇതിന് മറുപടിയായിട്ടാണ് ഇസ്രയേൽ ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചതും. ഇതേക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിൽ ജലീൽ ഒറ്റവരി പോലും കുറിച്ചിട്ടില്ല.
മുസ്ലീം ലീഗ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്ത ശശി തരൂർ ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രായേലിന് മേൽ അക്രമം നടത്തുകയായിരുന്നുവെന്ന് തുറന്നുപറഞ്ഞിരുന്നു. പലസ്തീനികൾക്ക് ഉപകാരം ചെയ്യാൻ കഴിയില്ലെങ്കിൽ ഉപദ്രവം ഏൽപ്പിക്കാതിരിക്കാനെങ്കിലും ലീഗ് നോക്കണ്ടതായിരുന്നുവെന്നാണ് ജലീൽ പറയുന്നത്.
Discussion about this post