തിരുവനന്തപുരത്ത്: സംസ്ഥാനത്ത് വന്ദേഭാരത് എക്‌സ്പ്രസ് സർവ്വീസുകൾ മറ്റ് ട്രെയിനുകളുടെ സർവീസിനെ ബാധിക്കുന്നുവെന്ന പ്രചരണം തള്ളി റെയിൽവേ. വന്ദേഭാരതിന് വേണ്ടി രാജധാനി, ജനശതാബ്ദി ഉൾപ്പടെയുള്ള ട്രെയിനുകൾ വൈകുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് റെയിൽവേ പുറത്തിറക്കിയ പത്രകുറിപ്പിൽ വ്യക്തമാക്കുന്നു. റെയിൽവേയുടെ അഭിമാന സർവീസായ രാജധാനി എക്‌സ്പ്രസും വന്ദേഭാരതിന് വേണ്ടി പിടിച്ചിടുന്നില്ലെന്ന് റെയിൽവേ ചൂണ്ടിക്കാട്ടി.
ഒക്ടോബറിൽ മഴയെത്തുടർന്നുണ്ടായ താളം തെറ്റലൊഴിച്ചാൽ മറ്റ് ട്രെയിനുകളുടെ ഗതാഗതത്തെ ബാധിച്ചിട്ടില്ല. വന്ദേഭാരത് വന്നതോടെ ചെറിയ സമയവ്യത്യാസം ചില ട്രെയിനുകൾ പുറപ്പെടുന്നതിൽ വരുത്തി. എന്നാൽ, പഴയ സമയം നിലനിർത്താൻ വേഗത കൂട്ടുകയും ചെയ്തുവെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ട്രെയിൻ നമ്പർ 20633/20634 തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് സർവീസ് ആരംഭിച്ചിട്ടും തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്‌സ്പ്രസിൻറെ യത്രാസമയം കുറയുകയാണ് ചെയ്തതെന്നും റെയിൽവേ വിശദീകരിക്കുന്നു. നേരത്തെ 5.15ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടിരുന്ന വേണാട്, വന്ദേഭാരത് വന്നതോടെ 10 മിനിട്ട് വൈകി 5.25നാണ് പുറപ്പെടുന്നത്. എന്നാൽ ഷൊർണൂരിൽ എത്തുന്ന സമയത്തിൽ മാറ്റമില്ലെന്നും റെയിൽവേ ചൂണ്ടിക്കാട്ടുന്നു.
ആലപ്പുഴ വഴി കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരതിന് വേണ്ടി എറണാകുളം-ആമ്പലപ്പുഴ സിംഗിൾ ലൈൻ സെക്ഷനിൽ ആലപ്പുഴ-എറണാകുളം, എറണാകുളം-കായംകുളം എന്നീ രണ്ട് പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ക്രോസിങിനായി പിടിച്ചിടാറുള്ളത്. ഇതിൽ ആലപ്പുഴ-എറണാകുളം പാസഞ്ചറിൻറെ പുറപ്പെടുന്ന സമയം മാറ്റിയിട്ടുണ്ട്. ഈ ട്രെയിൻ 20 മിനിട്ട് നേരത്തെ, രാത്രി 7.35ന് എറണാകുളത്ത് എത്തുകയും ചെയ്യും. അതുപോലെ എറണാകുളം-ആലപ്പുഴ പാസഞ്ചർ ട്രെയിൻ 20 മിനിട്ട് വൈകി വൈകിട്ട് 6.25ന് പുറപ്പെടുകയും കൃത്യസമയത്ത് ആലപ്പുഴ എത്തുകയും ചെയ്യുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.
വന്ദേഭാരത് കാരണം കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്തി എക്‌സ്പ്രസ് വൈകുന്നുവെന്ന പ്രചാരണവും തെറ്റാണ് ചേർത്തലയിലാണ് ഈ ട്രെയിൻ വന്ദേഭാരതിന് വേണ്ടി പിടിച്ചിടുന്നത്. എന്നാൽ ജനശതാബ്തി രാത്രി 9.25ന് തന്നെ തിരുവനന്തപുരത്ത് എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ജനശതാബ്ദി വൈകുന്നുണ്ടെങ്കിൽ അതിന് കാരണം വന്ദേഭാരത് അല്ലെന്നും റെയിൽവേ വ്യക്തമാക്കുന്നു.
Discussion about this post