തിരുവനന്തപുരം: സാഫ് കപ്പ് ഫുട്ബോള്‍ ഉദ്ഘാടന മത്സരത്തില്‍ നേപ്പാളിനെതിരെ ശ്രീലങ്കയ്ക്ക് ജയം. തിരുവനന്തപുരം കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേപ്പാളിനെ ഒരു ഗോളിനാണ് ശ്രീലങ്ക തോല്‍പ്പിച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി മുഹമ്മദ് നിസാറാണ് ഗോള്‍ നേടിയത്
ഇന്ത്യ ഉള്‍പ്പെടെ ഏഴു ടീമുകളാണു കിരീടത്തിനായി ഏറ്റുമുട്ടുന്നത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാക്കിസ്ഥാന് പിന്മാറിയിരുന്നു. ഗ്രൂപ്പ് എയില്‍ ഇന്ത്യ, നേപ്പാള്‍, ശ്രീലങ്ക എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാംപ്യന്മാരായ അഫ്ഗാനിസ്ഥാന്, ബംഗ്ലദേശ്, മാലദ്വീപ്, ഭൂട്ടാന് എന്നീ രാജ്യങ്ങളും കളിക്കും.
നാളെയാണ് ഇന്ത്യയുടെ ആദ്യമല്‍സരം. ശ്രീലങ്കയാണ് എതിരാളികള്‍. ആറുതവണ ചാംപ്യന്മാരായ ഇന്ത്യ 2009, 2011 വര്‍ഷങ്ങളിലെ കിരീടനേട്ടത്തിനു ശേഷം കഴിഞ്ഞ വര്‍ഷം ഹാട്രിക് തേടിയിറങ്ങിയെങ്കിലും ഫൈനലില്‍ അഫ്ഗാനിസ്ഥാനോട് 20ന് പരാജയപ്പെടുകയായിരുന്നു.
കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ലക്ഷ്യമിടുന്നതു കിരീടം തന്നെ. ഐഎസ്എല്‍ മല്‍സരങ്ങളിലെ പരിചയം മുതല്‍ക്കൂട്ടാകുമെന്നാണു ടീമിന്റെ പ്രതീക്ഷ. 30, 31 തീയതികളിലാണു സെമി പോരാട്ടം. ജനുവരി മൂന്നിനാണ് ഫൈനല്‍.
Discussion about this post