റോം: ഒക്ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയത് ഭീകരാക്രമണം തന്നെയെന്ന കാര്യത്തിൽ സംശയമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. എന്നാൽ, പലസ്തീൻ വിഷയത്തിൽ അടിയന്തിരമായി പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. റോമിൽ സെനറ്റിന്റെ വിദേശകാര്യ- പ്രതിരോധ കമ്മീഷൻ സംയുക്ത സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബർ 7ന് ഇസ്രയേലിൽ നടന്ന ഹമാസ് ഭീകരാക്രമണത്തിന് ശേഷമാണ് യുദ്ധമുണ്ടായത്. ഇത് മേഖലയെ ആകെ അപ്രതീക്ഷിതമായ ഒരു പ്രതിസന്ധിയിൽ കൊണ്ടെത്തിച്ചു. അധികം വൈകാതെ സംഘർഷത്തിന് അയവ് വരുമെന്നും മേഖല സ്ഥിരതയിലേക്ക് മടങ്ങുമെന്നുമാണ് ലോകരാജ്യങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ജയ്ശങ്കർ പറഞ്ഞു.
പലസ്തീൻ വിഷയം പരിഹരിക്കപ്പെടണമെന്ന് തന്നെയാണ് ഇന്ത്യയുടെ ആഗ്രഹം. ഇസ്രയേൽ- പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാര മാർഗമാണ് ഇന്ത്യ നിർദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരത ഒരിക്കലും പരിഷ്കൃത ലോകത്തിന് ഉൾക്കൊള്ളാനാകില്ല. എന്നാൽ, ഭീകരതയുടെ തിക്തഫലം അനുഭവിക്കുന്ന ഒരു ജനത പലസ്തീനിലും ഉണ്ട്. അവരുടെ യാതനകളും കാണാതിരിക്കാനാകില്ല. ജയ്ശങ്കർ പറഞ്ഞു.
ചർച്ചയിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയുമാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടത് എന്നാണ് ഇന്ത്യയുടെ നിലപാട്. സംഘർഷകാലത്ത് മാനുഷികമായ സമീപനമാണ് ലോകരാജ്യങ്ങൾ പുലർത്തേണ്ടത്. ഇസ്രയേലുമായി സമാധാനത്തിൽ പുലരുന്ന, സ്വതന്ത്രവും സുരക്ഷിതവുമായ ഒരു പലസ്തീൻ എന്നത് മനോഹരമായ ഒരു ആശയമാണ്. അത് സാക്ഷാത്കരിക്കപ്പെടാൻ ലോകരാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും ജയ്ശങ്കർ വ്യക്തമാക്കി.
Discussion about this post