കോഴിക്കോട്: യുവതിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. കോഴിക്കോട് പന്തീരങ്കാവ് ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരെയാണ് നടപടി. സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണയാണ് എസ്‌ഐയ്‌ക്കെതിരെ നടപടി എടുത്തത്.
നേരത്തെ ഒരു പരാതി അറിയിക്കുന്നതിനായി ഫോണിൽ ബന്ധപ്പെട്ട യുവതിയുടെ മൊബൈൽ നമ്പർ കൈവശപ്പെടുത്തിയ എസ്ഐ വാട്ട്‌സ്ആപ്പിലൂടെ അശ്ലീല വീഡിയോകളും സന്ദേശവും അയക്കുകയായിരുന്നു. എസ്‌ഐയുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായതോടെ യുവതി സ്റ്റേഷനിലെ വനിതാ എഎസ്‌ഐയെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് യുവതി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ പരാതി അന്വഷിക്കാൻ കമ്മീഷണർ സ്റ്റേഷൻ എസ്എച്ച്ഒയെ ചുമതലപ്പെടുത്തി. അന്വേഷണത്തിൽ എസ്‌ഐ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. തുടർന്ന് എസ്എച്ച്ഒ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. എസ്‌ഐയ്‌ക്കെതിരെ മുൻപും സമാനമായ പരാതികൾ ഉണ്ടായിരുന്നു.
Discussion about this post